കാസറഗോഡ് :- ജീവനക്കാർക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനുവദിക്കാതെയും ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചും ഇടതു സർക്കാർ ജീവനക്കാരോട് ക്രൂരത തുടരുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.
ശമ്പള പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത, ലീവ് സറണ്ടർ , മെഡിസെപ്, വകുപ്പ് ഏകീകരണം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ജീവനക്കാരെ വിശ്വാസത്തിൽ എടുക്കാത്ത സർക്കാർ, തസ്തികകൾ വെട്ടിക്കുറച്ചും ജോലിഭാരവും സമ്മർദ്ദവും അടിച്ചേൽപ്പിച്ചു൦ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുകയാണ്. ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സർക്കാർ, ആശ്രിത നിയമനത്തിലും ഇത് തുടരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു.
ആശ്രിത നിയമനത്തിൽ കോടതിവിധി മറികടക്കുന്നതിന് നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനപരമായി ഏറെ പിന്നോക്കം നിൽക്കുകയും ഉദ്യോഗസ്ഥ ക്ഷാമം നേരിടുകയും ചെയ്യുന്ന കാസറഗോഡ് ജില്ലാ ആസ്ഥാനത്തെ ജീവനക്കാർക്ക് കിട്ടേണ്ട 8% വീട്ടുവാടക അലവൻസ് 4 % ആയി കുറച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയും കാസറഗോഡ് ജില്ലയോടുള്ള അവഗണനയുമാണെന്ന് എം.എൽ എ അഭിപ്രായപ്പെട്ടു.
നിയമസഭയിലുൾപ്പെടെ ഇക്കാര്യം ഉന്നയിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇക്കാര്യത്തിൽ എസ്.ഇ. യു നടത്തുന്ന ഇടപെടലുകൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹ൦ അറിയിച്ചു.എസ് ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡന്റ് എ അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആമിർ കോഡൂർ റിപ്പോർട്ടിങ് നടത്തി. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള,യൂത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള പ്രസംഗിച്ചു.
ജന. സെക്രട്ടറി സിയാദ്. പി സ്വാഗതവും ട്രഷറർ മുഹമ്മദലി കെ. എൻ. പി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാർ സെഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഒ. എം ഷഫീഖ് ‘അഭിമാനബോധം, അവകാശ ബോധ്യം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഷാക്കിർ. എൻ അധ്യക്ഷതവഹിച്ചു. എൻ .പി.സൈനുദ്ദീൻ, നസീമ ടീച്ചർ, യൂസഫ് ആമത്തല പ്രസംഗിച്ചു. ആസിയമ്മ ഇ. എ സ്വാഗതവും അഷ്റഫ് കല്ലിങ്കാൽ നന്ദിയു൦ പറഞ്ഞു.
യാത്രയയപ്പ് സംഗമം എ. കെ. എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിഹാബ് ഒ.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗഫൂർ പന്തീർപാടം, ഇബ്രാഹിം.കെ, അഷ്റഫ് അത്തൂട്ടി, മുസ്തഫ കെ.എ പ്രസംഗിച്ചു. നൗഫൽ നെക്രാജെയുടെ അധ്യക്ഷതയിൽ ചേർന്ന സംഘടന സെഷൻ സംസ്ഥാന പ്രസിഡൻറ് സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാദിഖ് .എം അഷ്റഫ് ചെർക്കള പ്രസംഗിച്ചു.