കുമ്പള. പെട്രോളിന്റെയും ഡീസലിന്റെയും തുടർ വിലകയറ്റം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടും കേന്ദ്ര സർക്കാർ അനങ്ങാതെയി രിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അഭിപ്രായപ്പെട്ടു.
സെഞ്ച്വറി പിന്നിട്ട പെട്രോൾ വില വർദ്ധനവിനെതിരെ കുമ്പള പെർവാഡ് പെട്രോൾ പമ്പിന് മുമ്പിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാസിർ മൊഗ്രാൽ.
തുടർച്ചയായ ഇന്ധന വിലവർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ജനങ്ങൾ കോവിഡ് മൂലം ജോലിയില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന സന്ദർഭത്തിൽ പോലും വില നിയന്ത്രിക്കാനും, സാധാരണകർക്കൊപ്പം നിൽക്കാനുമുള്ള സർക്കാരിന്റെ ഉത്തരവാദിത്വം മറന്ന് ജനജീവിതത്തെ വല്ലാതെ ഞെരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.
ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ടി കെ ജാഫർ, വിജയകുമാർ, ഇബ്രാഹിം ഖലീൽ, ടി കെ അൻവർ, റിയാസ് കരീം, അഷ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, എച് എം കരീം, മുഹമ്മദ് സ്മാർട്ട്, മുസ്തഫ കൊപ്പളം, മുഹമ്മദ് അർഫാൻ, ഗൾഫ് പ്രതിനിധികളായ ടി പി എ റഹ്മാൻ, മനാഫ് ലൂത്ത എന്നിവർ സംബന്ധിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.
ഫോട്ടോ :പെട്രോൾ വില വർദ്ധനവിനെതിരെ മൊഗ്രാൽ ദേശീയവേദി പെർവാഡ് പെട്രോൾ പമ്പിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു