‘സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ഉള്‍പ്പെടെ കായികമായി നേരിടണം’; ബിജെപി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച

Latest കേരളം

യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയേയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയേയും കായികമായി നേരിടണമെന്ന് ബിജെപി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്.

കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അടക്കം അംഗമായിട്ടുള്ള ഗ്രൂപ്പിലാണ് ചര്‍ച്ച. പിന്നാലെ ജില്ലാ പ്രസിഡണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയി.

കാസര്‍ഗോഡ് കുമ്പളയില്‍ കൊലചെയ്യപ്പെട്ട മൂന്ന് ബിജെപി പ്രവര്‍ത്തകരുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന ചുമതലകളിലുള്ള നേതാക്കളെ മാറ്റണമെന്നാണ് ഗ്രൂ്പ്പിലെ പലരും ആവശ്യപ്പെടുന്നത്.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്ഥാന സെക്രട്ടറിയുമായ കെ ശ്രീകാന്ത്, ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി പി സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ തുടങ്ങിയവരെയാണ് പ്രതിഷേധക്കാര്‍ ഉന്നമിടുന്നത്. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി കെപി പ്രകാശ് ബാബുവിനെ തടയണമെന്നും ഗ്രൂപ്പില്‍ ചര്‍ച്ചയുണ്ടായി.

‘സുരേന്ദ്രേട്ടന്റെ പിഎ ഉണ്ട് ദിപിന്‍. അവന്‍ ഫോണ്‍ എടുക്കാറില്ല. ഓനിക്ക് ഒരടി കിട്ടണം.’ എന്ന് ഗ്രൂപ്പില്‍ പറയുന്നതിന്റെ ഓഡിയോ സന്ദേശം ഉള്‍പ്പെടെയാണ് ചോര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *