പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങൾ വി കുറച്ചു.
359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്.
ഇതോടെ ഈ പ്ലാനുകളിൽ ദിവസേന രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. ഈ പ്ലാനുകൾ ഉൾപ്പടെയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം.
ഉപഭോക്താക്കളിൽനിന്നുള്ള ശരാശരി വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് വി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്.
ടെലികോം സെക്ടറിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് ഈ തീരുമാനമെടുത്തത്.
നേരത്തെ 299 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാൻ ആണ് 359 രൂപയായി മാറിയത്.
449 രൂപയുടെ പ്ലാൻ 539 രൂപയായും, 699 രൂപയുടെ പ്ലാൻ 839 രൂപയായും വർധിച്ചു.
ഡബിൾ ഡാറ്റാ ഓഫറിന്റെ ഭാഗമായി ഈ പ്ലാനുകളിൽ നാല് ജിബി ഡാറ്റ ലഭിച്ചിരുന്നു.
ഈ ഡബിൾ ഡാറ്റ ഓഫർ പിൻവലിച്ചതോടെയാണ് ഡാറ്റ രണ്ട് ജിബി ആയി കുറഞ്ഞത്.
പുതിയ മാറ്റങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള സേവനങ്ങളിൽ നിന്ന് റീച്ചാർജ് ചെയ്യുമ്പോഴും പുതുക്കിയ ആനുകൂല്യങ്ങളാണ് ലഭിക്കുക.