പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ 24 മുതല്‍

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്. http://dhsekerala.gov.in

പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക.

ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്ബാര്‍ട്ട്മെന്റല്‍,പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി,പ്രൈവറ്റ് ഫുള്‍ കോഴ്സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിള്‍ ആണ് നല്‍കിയിരിക്കുന്നത്.

സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്ലസ് വണ്‍ പരീക്ഷകള്‍ എത്രയും വേഗത്തില്‍ നടത്താന്‍ ഉന്നതതല യോഗം തീരുമാനമെടുത്തിരുന്നു.

നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. പരീക്ഷകള്‍ക്കിടയിലെ ഇടവേള പര്യാപ്തമല്ലെന്ന് ആയിരുന്നു പരാതി. അതിനാല്‍ പരാതികള്‍ കണക്കിലെടുത്ത് പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പരീക്ഷകള്‍ നീണ്ട് പോകുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു പഠനം ആരംഭിക്കാന്‍ കഴിയൂ എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. എന്നാല്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്ലസ് വണ്‍ പരീക്ഷകള്‍ വേഗത്തില്‍ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷ തീയതിയും പുതുക്കിയ ടൈംടേബിളും പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *