കാഞ്ഞങ്ങാട്: രാത്രി ഹോസ്റ്റലിന്റെ മതിൽ ചാടി കടന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് പോസോ വകുപ്പുപ്രകാരം കേസെടുത്തു.
ഇടുക്കി സ്വദേശി സുധീഷ്(22), രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനീത്(19) എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസറയുന്നത്;
പുനീത് ബന്ധുവായ പെൺകുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടിയുടെ കൂട്ടുകാരി ഫേസ്ബുകിലൂടെയാണ് ഇടുക്കി സ്വദേശി സുധീഷുമായി പരിചയത്തിലായത്.
നേരത്തേ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ഡിസംബർ 28 ന് രാത്രിയാണ് പുനീത് പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റെലിൽ വെച്ച് ആദ്യം പീഡനത്തിനിരയാക്കിയത്.
ഫോൺ നൽകാനായാണ് രാത്രി പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റെലിന്റെ മതിൽ ചാടി അകത്തു കടന്ന് പുനീത് പീഡിപ്പിക്കുന്നത്. ഹോസ്റ്റെൽ മുറിയിൽ നാല് പെൺകുട്ടികൾ ഒരുമിച്ചാണ് താമസം.
ഫോൺ നൽകാൻ എത്തിയ ദിവസം കാവൽക്കാരുടേയും കൂട്ടുകാരുടേയും കണ്ണുവെട്ടിച്ച് ഒഴിഞ്ഞു കിടന്ന മുറിയിൽ വെച്ച് പുനീത് തന്നെ ലൈംഗീകമായി പീഡിപ്പിച്ചു വെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
ഇതിനുശേഷം ജനുവരി രണ്ടിന് രാത്രി പുനീതും സുധീഷും ഒരുമിച്ച് ഇതേ ഹോസ്റ്റെലിന്റെ മതിൽചാടി അകത്തു കടന്നാണ് പെൺകുട്ടികളെ പീഡനത്തിനിരയാക്കിയത്.
പുനീത് പെൺകുട്ടിയെആളൊഴിഞ്ഞ മുറിയിലേക്ക്കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
സുധീഷാകട്ടെ പെൺകുട്ടിയുടെ കൂടെ താമസിക്കുന്ന കൂട്ടുകാരികളെ ഹോസ്റ്റെലിന്റെ ഹാളിൽ ഉറങ്ങാൻ പറഞ്ഞയച്ചശേഷം അതേമുറിയിൽ വെച്ച് ലൈംഗീക പീഡനത്തിനിരയാക്കിയെന്നുമാണ് പരാതി.
രണ്ട് ദിവസം മുമ്പാണ് സർകാർ ഹോസ്റ്റെലിൽ നടന്ന ലൈംഗിക പീഡന വിവരം പുറത്തു വന്നത്.
ഇതേ തുടർന്ന് പോക്സോ കേസെടുത്ത് ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിരവധി പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റെലിൽ കൂടുതൽ പേർ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.
സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.