കാസർകോട് ∙ പൊലീസുകാർക്കു നോക്കിനിൽക്കെ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കണ്ണൂർ പൊട്ടേരിയിലെ എസ്.അഭിലാഷ് (ഹബീഹ്–26)നെയാണു സിഐ സി.ഭാനുമതി,എസ്ഐ കെ.അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 1നു പുലർച്ചെയാണു മൊഗ്രാൽപുത്തൂരിലെ സ്വന്തം വീട്ടിൽ വച്ചാണു ഭാര്യ റുക്സാനയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊലീസിന്റെ സമയോചിത ഇടപെടലാണ് യുവതിക്കു രക്ഷയായത്. മാതാവിനു അസുഖമായതിനാൽ റുക്സാന കുമ്പളയിലെ വാടക വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു സംഭവത്തിന്റെ തലേന്നാണു എത്തിയത്. രാത്രി മൊഗ്രാൽപൂത്തുരിലെ വീട്ടിലെത്തിയ ഹബീബ് ഭാര്യയെ ദേഹോപദ്രവം ഏൽപിക്കാൻ തുടങ്ങിയിരുന്നു.
മർദനം സഹിക്കാനാകാത്തിനെ തുടർന്നു റുക്സാന വിവരം അറിയിച്ചതിനെ തുടർന്നു എഎസ്ഐ കെ.വി.ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയിംസ്, കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഹബീബ് ആക്രമിക്കാൻ സാധ്യതയുണ്ടെന്നു മനസിലാക്കിയ പൊലീസ് റുക‍്സാനയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ ജീപ്പിനടുത്തേക്കു നടന്നു പോകുന്നതിനിടെ മതിലിനരികിൽ പതുങ്ങി നിന്നിരുന്ന ഹബീബ് കൈവശം ഉണ്ടായിരുന്ന പെട്രോൾ യുവതിയുടെ ദേഹം ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ പൊലീസ് പ്രതിയെ തള്ളിമാറ്റിയതിനാൽ അപകടമില്ലാതെ യുവതി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പ്രതിയായ ഹബീബ് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണു പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കുമ്പള പൊലീസിലും റുക‍്സാനയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.