കൊടകര കള്ളപ്പണ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

Latest കേരളം

കൊടകര കള്ളപ്പണ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. പോലീസ് മൊഴിയെടുത്ത 19 ബി.ജെ.പി നേതാക്കളെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന് കുറ്റപത്രത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. പണം കൊണ്ടുവന്നത് സുരേന്ദ്രന്‍റെ അറിവോടെയാണെന്നും ബംഗളൂരുവില്‍ നിന്നാണ് ബി.ജെ.പിക്കായി പണം എത്തിച്ചതെന്നും കുറ്റപത്രത്തിലുള്ളതായാണ് വിവരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണ് പണം എത്തിച്ചതെന്ന സംശയവും കുറ്റപത്രത്തില്‍ പങ്കുവെക്കുന്നുണ്ട്. തട്ടിയെടുത്ത പണത്തിന്‍റെ ബാക്കി കണ്ടെത്താനുണ്ട്. ഈ രണ്ട് കാര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കവർച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രം പോലീസ് പിന്നീട് നൽകിയേക്കും. കവർച്ച കേസിൽ 22 പ്രതികളാണുള്ളത്. 200ന് മുകളിൽ സാക്ഷികളുമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കവർന്നുവെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *