കണ്ണൂര്‍: ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ക്ക് പൊലീസ് തുടക്കം കുറിച്ചു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹരജി നല്‍കുമെന്നാണ് സൂചന. നേരത്തെ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി യുട്യൂബര്‍മാരോട് തിങ്കളാഴ്ച ആര്‍.ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.
ഓഫിസിലെത്തിയ ഇവര്‍ ബഹളംവെച്ച് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ് ഇവര്‍ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങള്‍ പറഞ്ഞുമനസ്സിലാക്കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, തങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. യുട്യൂബര്‍മാര്‍ വിഡിയോയിലൂടെ വിവരമറിയിച്ചതിനെതുടര്‍ന്ന് ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നും അറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് വിഡിയോയും ഇവര്‍ പങ്കുവെച്ചു.
ബഹളത്തിനൊടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍.ടി ഓഫിസ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.