നല്ല മഴക്കോൾ, വൈദ്യുതിയും മുടങ്ങി. മൊബൈൽ ഫോണിന് വിലക്കുള്ള പരീക്ഷാഹാളിൽ പിന്നീട് കുട്ടികൾ പരീക്ഷ എഴുതിയത് മൊബൈൽ വെളിച്ചത്തിൽ. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണ് മൊബൈൽ വെളിച്ചത്തെ തുടർന്ന് വിവാദമായിരിക്കുന്നത്. ഇരുട്ടത്തിരുന്ന് പരീക്ഷ എഴുതുന്നത് പ്രായോഗികമല്ലാതെ വന്നതോടെയാണ് ഫ്ലാഷുകൾ തെളിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
സർവകലാശാല ചട്ടപ്രകാരം മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനു കർശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും ഹാളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന സർക്കുലർ പരീക്ഷകൾ തുടങ്ങുന്നതിനു മുന്നോടിയായി പരീക്ഷ കൺട്രോളർ പുറത്തിറക്കുകയും ചെയ്തിരുന്നു.
വൈദ്യുതി മുടക്കം പരിഹരിക്കാൻ കോളജിന് കഴിയാതിരുന്ന സ്ഥിതിക്ക് കുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.