ലോക്‌സഭാ ഹാജർ; മുസ്‌ലിം ലീഗ് എംപിമാർ നമ്പർ വൺ

Latest കേരളം

ന്യൂഡൽഹി: 17-ാം ലോക്‌സഭയിലെ ഹാജർനിലയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എംപിമാർ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ 67 ശതമാനം അംഗങ്ങൾക്കും സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്.

കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്‌നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലെ ലീഗ് എംപിമാർ.

കണക്കുകൾ ഉദ്ധരിച്ച് ഡാറ്റാ വെബ്‌സൈറ്റായ ഫാക്ട്‌ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാർട്ടിയിലെ അമ്പത് ശതമാനത്തിലേറെ എംപിമാരും 90 ശതമാനത്തിലേറെ ഹാജർ നേടിയ മൂന്നു പാർട്ടികളാണ് ഈ ലോക്‌സഭയിലുള്ളത്.

മൂന്ന് എംപിമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനു പുറമേ, പത്ത് എംപിമാരുള്ള ബഹുജൻ സമാജ്‌വാദി പാർട്ടി(ബിഎസ്പി)യും 16 എംപിമാരുള്ള ജനതാദൾ യുണൈറ്റഡും.

അമ്പത് ശതമാനത്തിലേറെ അംഗങ്ങൾ 90 ശതമാനത്തിൽ കൂടുതൽ ഹാജർ നേടിയ ഏക ദേശീയ കക്ഷി ബിഎസ്പിയാണ്. പാർട്ടിയിലെ 60 ശതമാനം അംഗങ്ങൾക്കും 90 ശതമാനത്തിലേറെ ഹാജരുണ്ട്.

മറ്റു ദേശീയ കക്ഷികളിൽ അമ്പത് ശതമാനത്തിൽ താഴെ അംഗങ്ങൾ 90 ശതമാനം ഹാജർ നേടിയതിൽ ബിജെപിയാണ് മുമ്പിൽ, 44 ശതമാനം. സിപിഎം 33%, എൻസിപി 20%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാർട്ടികളുടെ നില.

ഡിഎംകെയാണ് ഏറ്റവും താഴെ. പാർട്ടിയില്‍ എട്ടു ശതമാനം പേർക്കു മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത്.

സഭയില്‍ കോണ്‍ഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എന്‍സിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്.

301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

Leave a Reply

Your email address will not be published. Required fields are marked *