മൊഗ്രാല്‍:അവശ്യസാധന വിലവര്‍ധനവിന് പിന്നാലെ പച്ചക്കറി വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ ജന ജീവിതം ദുസ്സഹമായി. തക്കാളിയുടെ വില സെഞ്ചുറി കടന്നപ്പോള്‍ പച്ചക്കറി ഇനങ്ങളില്‍ കോവയ്ക്ക 120, മുരിങ്ങക്ക 240, ക്യാരറ്റ് 90, വെണ്ടയ്ക്ക 80, ബീന്‍സ് 80, പയര്‍ 80എന്നിങ്ങനെ വില കുതിക്കുകയാണ്.
ദിവസേനയാണ് വിലകൂടി കൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്ത് ഉണ്ടായ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് അതേപടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പച്ചക്കറിവില വര്‍ദ്ധനവ്.
തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് അധികൃതരുടെ വാദം. വിലക്കയറ്റത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ ദുരിതത്തിലായതിനാല്‍ വിപണിയില്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മൊഗ്രാല്‍ ദേശീയ വേദി ആവശ്യപ്പെട്ടു.