കേന്ദ്രസർക്കാർ വിദ്യാർത്ഥികൾക്ക് പഠനസഹായമായി 10,000 രൂപ നൽകുന്നെന്നും രജിസ്‌ട്രേഷൻ ഫീസായി 100 രൂപ മാത്രം മതിയെന്നുമൊക്കെ ചേർത്തുള്ള വിശ്വസിപ്പിക്കുന്ന രീതിയിൽ തയ്യാറാക്കിയ വ്യാജ സന്ദേശം സോഷ്യൽമീഡിയയിൽ പറന്നുനടക്കുന്നുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഇതുംകേട്ട് നൂറുകണക്കിന് രക്ഷിതാക്കളാണ് കുട്ടികളുടെ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി അക്ഷയയിലേക്ക് ഒഴുകുന്നത്.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നടന്ന തട്ടിപ്പിന്റെ അതേമാതൃകയിലാണ് ഇത്തവണയും തട്ടിപ്പ്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഈ വ്യാജവാർത്തയിൽ വിശ്വസിച്ച് രക്ഷിതാക്കൾ അക്ഷയയിലേക്ക് എത്തുമ്പോൾ തിരിച്ചയച്ചും വിശദീകരിച്ചും കുഴങ്ങുകയാണ് അക്ഷയ ജീവനക്കാർ.
എങ്കിലും വിശ്വാസം വരാതെ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിച്ചും പണം നഷ്ടപ്പെടുത്തുന്നവർ ഏറെ. എറണാകുളം ജില്ലയിലാണ് വലിയതോതിൽ പ്രചാരണം നടക്കുന്നതും ആളുകൾ പറ്റിക്കപ്പെടുന്നതും.
‘കോവിഡ്19 സപ്പോർട്ടിങ് പദ്ധതിപ്രകാരം ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകും’ ഇതാണ് പ്രചരിക്കുന്ന സന്ദേശം. യാഥാർഥ്യമറിയാതെ അധ്യാപകർ പോലും ഇത് ഫോർവേഡ് ചെയ്തതോടെ രക്ഷിതാക്കളും വീണുപയെന്നതാണ് സത്യം.