പത്തനംതിട്ട: സ്വകാര്യ ബസുടമകൾ ഉപവാസ സമരം നടത്തുന്നു. തകർന്ന് താറുമാറായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലെയും ബസ്സ്റ്റാൻഡുകളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണി വരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷെൻറ നേതൃത്വത്തിലാണ് ഉപവാസ സമരം.
2020ൽ 66 രൂപ വിലയുണ്ടായിരുന്ന ഡീസലിന് ഇന്ന് 31രൂപ വർധിച്ചു. അതോടൊപ്പം ടയർ, സ്പെയർ പാർട്സ്, ഓയിൽ മുതലായവക്കും വലിയ വർധന ഉണ്ടായിരിക്കുകയാണ്. കോവിഡ് മൂലമുണ്ടായ ലോക്ഡൗണിന് ശേഷം ബസുകളിൽ യാത്രക്കാർ കുറഞ്ഞതും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും തിരിച്ചടിയായി.
തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞവർഷം മൂന്ന് ക്വാർട്ടറിലെ റോഡ് നികുതി ഒഴിവാക്കി നൽകിയതൊഴിച്ചാൽ ഒരുവിധ ആനുകൂല്യങ്ങളും സർക്കാർ ഈ മേഖലക്ക് നൽകിയിട്ടില്ല. എന്നാൽ, കോവിഡിെൻറ രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ ലോക്ഡൗണിനുശേഷം, നികുതിപോലും ഒഴിവാക്കാതെ അടക്കാനുള്ള സാവകാശം നീട്ടിനൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.