ഹിജാബ് ധരിച്ച പെൺകുട്ടിക്കൊപ്പം രാഹുൽ ഗാന്ധി; പ്രീണനമെന്ന് ബിജെപി – മോദിയുടെ ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസിന്റെ മറുപടി

Latest കേരളം

കൊല്ലം: ഭാരത് ജോഡോ യാത്രക്കിടെ പർദയും ഹിജാബും ധരിച്ച പെൺകുട്ടിയുടെ കൈപിടിച്ച് നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപിയുടെ വർഗീയ പ്രചാരണം. രാഹുൽ ഗാന്ധിയുടേത് വോട്ടുബാങ്ക് ലക്ഷ്യംവെച്ചുള്ള പ്രീണനമാണെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ട്വീറ്റ് ചെയ്തു.

മതപരമായ അടിസ്ഥാനത്തിൽ വോട്ടുകൾ കണക്ക് കൂട്ടുമ്പോൾ അതിനെ പ്രീണനമെന്ന് വിളിക്കുന്നു-സാംബിത് പത്ര ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി തൊപ്പിയും പർദയും ധരിച്ചവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ആണ് സാംബിത് പത്രയുടെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയത്.

മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈറും സാംബിത് പത്രയുടെ ട്വീറ്റിന് മറുപടിയുമായെത്തി. സാംബിത് പത്ര തന്നെ തൊപ്പി ധരിച്ച് മഖാമിൽ നിൽക്കുന്ന ചിത്രങ്ങളാണ് സുബൈർ പങ്കുവെച്ചത്. ഒപ്പം ജോഡോ യാത്രക്കിടെ കൃഷ്ണവേഷത്തിലുള്ള കുട്ടിക്കൊപ്പവും യൂണിഫോം ധരിച്ച സ്‌കൂൾ വിദ്യാർഥികൾക്കൊപ്പവും പട്ടാള വേഷം ധരിച്ച കുട്ടികൾക്കൊപ്പവും രാഹുൽ നിൽക്കുന്ന വിവിധ ഫോട്ടുകളും സുബൈർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *