റീ മാച്ചോ, ബ്ലാസ്റ്റേഴ്സിനുള്ള പണിയോ?; ഫുട്ബോള്‍ ഫെഡറേഷന്‍റെ അടിയന്തര യോഗം

Latest

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും തമ്മിലുള്ള നോക്കൌട്ട് മത്സരത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ഇന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ യോഗം ചേരും. വിവാദ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളി മതിയാക്കി തിരിച്ചുകയറിയിരുന്നു.

മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സ് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഇക്കാര്യത്തില്‍‌ പരാതിയും നല്‍കിയിരുന്നു. മത്സരം വീണ്ടും കളിക്കണമെന്നും ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണം എന്നതുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍.

ഈ വിഷയത്തില്‍ ഇന്നു തന്നെ പ്രാഥമിക തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ ബെംഗളൂരു എഫ്.സിയും മുംബൈ സിറ്റിയും തമ്മിലുള്ള ആദ്യ പാദ സെമിഫൈനലിന് മുന്‍പ് തീരുമാനമെടുക്കാമെന്ന് ഫുട്ബോള്‍ ഫെഡറേഷന്‍ മറുപടി അയച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് തന്നെ യോഗം വിളിക്കാൻ എ.ഐ.എഫ്.എഫ് തീരുമാനിച്ചത്.

സംഭവത്തില്‍ ബെംഗളൂരു എഫ് സിയുടെ ഭാഗവും ഫുട്ബോള്‍ ഫെഡറേഷന്‍ കേള്‍ക്കും.മത്സരം വീണ്ടും നടക്കനുള്ള സാധ്യതകൾ വിദൂരമാണ്. റഫറിക്കും മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീമിനെതിരെയും നടപടിയുണ്ടാകാനുള്ള സാധ്യതയാണ് കൂടുതൽ.

Leave a Reply

Your email address will not be published. Required fields are marked *