സംസ്കാരത്തിന് പന്തലിടുന്നതിനും മറ്റുമുള്ള ഒരുക്കം വീട്ടിൽ നടത്തുന്നതിനിടെ ബന്ധുക്കളെ ഞെട്ടിച്ചുകൊണ്ട് ‘മരിച്ചയാൾ’ ബാറിലിരുന്ന് മദ്യപിക്കുന്നു. കോട്ടയത്താണ് സംഭവം. മരിച്ചെന്ന് വിചാരിച്ച് ബന്ധുക്കൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മരിച്ചയാൾ ബാറിലിരുന്നു മദ്യപിക്കുന്നത് കണ്ടെന്ന് പറഞ്ഞ് ചിലരെത്തുന്നത്. ഇതോടെ ബന്ധുക്കൾ നേരെ ബാറിലേക്ക് വച്ചുപിടിച്ചു.
ആളെയും കൂട്ടി പൊലീസിനു മുന്നിലേക്ക്. ഒടുവിൽ താൻ മരിച്ചിട്ടില്ലെന്ന് പൊലീസിനു മുന്നിൽ ബോധ്യപ്പെടുത്തിയ വ്യക്തി വീട്ടിലേക്ക് തിരിച്ചു.എന്നിട്ടും തീർന്നില്ല, അപ്പോൾ മരിച്ചത് ശരിക്കും ആരാണ് എന്ന ചോദ്യം പൊലീസിന്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടതോടെയാണു നാടകീയ സംഭവങ്ങൾക്കു തുടക്കം. പഴയ ഒ.പി വിഭാഗത്തിനു സമീപം വരാന്തയിലാണു മൃതദേഹം കണ്ടത്. ആശുപത്രി പരിസരത്ത് വർഷങ്ങളായി കഴിഞ്ഞിരുന്നയാളാണെന്നു ജീവനക്കാർ പൊലീസിനെ ധരിപ്പിച്ചു.
പൊലീസ് അന്വേഷണം നടത്തി. വൈകിട്ട് ‘മരിച്ച’യാളിന്റെ ബന്ധുക്കളും നാട്ടുകാരും എത്തി മൃതദേഹം തിരിച്ചറിഞ്ഞു.ആർപ്പൂക്കര വില്ലൂന്നി സ്വദേശിയാണു മരിച്ചതെന്നാണു കരുതിയത്. പൊലീസ് മൃതദേഹം വിട്ടുനൽകാൻ തീരുമാനിച്ചു. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മോർച്ചറിയിലേക്കും മാറ്റി. അതേസമയം പരേതന്റെ വീട്ടിൽ ഇന്നു സംസ്കാരം നടത്താനുള്ള ക്രമീകരണം തുടങ്ങി.
ഇതിനിടെയാണു വില്ലൂന്നി സ്വദേശിയെ ചിലർ ബാറിൽ വച്ചു കണ്ടത്. ഇവർ ഉടൻ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ നേരെ ബാറിലെത്തി ഇദ്ദേഹത്തെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്കെത്തി. അതേസമയം മെഡിക്കൽ കോളജ് പരിസരത്ത് മരിച്ച ആൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു.