കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പി.ജി.വിദ്യാര്‍ത്ഥിനിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ സേലത്തുനിന്നും പോലീസ് പിടികൂടി. സേലം തിരുവാരൂരിലെ തമിഴ്സെല്വന് കണ്ണന് (25) എന്നയാളാണ് പരിയാരം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 28 ന് കേരളത്തിലെത്തിയ തമിഴ്സെല്വന് പി.ജി.വിദ്യാര്‍ത്ഥിനി ഡോ.അശ്വതി നാട്ടില്‍ പോയപ്പോഴാണ് അടച്ചിട്ട എട്ടാംനിലയിലെ ഹോസ്റ്റലിന്റെ മുറിയുടെ പൂട്ട് തകര്‍ത്ത് 40,000 രൂപ വിലവരുന്ന ലാപ്ടോപ്പ് മോഷ്ടിച്ചത്. ഇയാള്‍ മോൗഷണം നടത്തി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ് സെല്വന് പിടിയിലായത്.എക്സിക്യൂട്ടീവ് സ്റ്റൈലില്‍ വേഷം ധരിച്ചെത്തിയ തമിഴ്സെല്വന് യാതൊരുവിധ സംശയങ്ങള്‍ക്കും ഇടകൊടുക്കാതെയാണ് മോഷണം നടത്തിയത്.
പരിയാരം ഇന്‍സ്പെക്ടര്‍ എം.ജെ.ജിജോ, എസ് ഐ ശ്രീജിത്ത്, ഗ്രേഡ് എ.എസ്.ഐ ശശി, ഡി.വൈ.എസ്.പിയുടെ ക്രൈം സ്ക്വാഡില്‍ പെട്ട എ.എസ്.ഐ എ.ജി.അബ്ദുല്‍റൗഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
28 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലെത്തിയ 40 പേരില്‍ 39 പേരുടെയും ഫോണ്‍നമ്ബര്‍ സൈബര്‍ സെല്‍വഴി ശേഖരിച്ച് വിളിച്ചപ്പോള്‍ 39 പേരും ഫോണ്‍ അറ്റന്‍ഡ് ചെയ്തുെവങ്കിലും തമിഴ്സെല്വന് സ്വിച്ചോഫായിരുന്നു. തുടര്‍ന്ന് ഇയാളുടെ സി.ഡി.ആര് എടുത്ത് പരിശോധിച്ചപ്പോഴാണ് വിശദവിവരങ്ങള്‍ ലഭിച്ചത്. പോലീസ് തമിഴ്സെല്‍വനെ ചോദ്യംചെയ്തുവരികയാണ്.
തമിഴ്സെല്വന് കണ്ണന് കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ 500 ലേറെ ലാപ്ടോപ്പുകള് മോഷ്ടിച്ചതായി പോലീസ് പറയുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നത്.
2015 ല്‍ തമിഴ്സെല്‍വന്റെ കാമുകിക്ക് നേരെ സൈബര്‍ ഭീഷണി മുഴക്കിയത് ചോദ്യം ചെയ്തതിന് ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തമിഴ്സെല്വനോട് വളരെ മോശമായി പെരുമാറിയിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍ ചെന്ന് മെഡിക്കല്‍ വിദ്യര്‍ത്ഥികളുടെ ലാപ്ടോപ്പുകള് മോഷ്ടിക്കാന്‍ പ്രതികാര ബുദ്ധിയോടെ ഇറങ്ങിത്തിരിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ ഇയാള്‍ കൂടുതല്‍ മോഷണങ്ങളും നടത്തിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ജാംനഗറില്‍ സമാനമായ മോഷണം നടത്തിയതിന് ഇയാള്‍ പിടിയിലായിരുന്നു. ജാംനഗറിലെ എം.പി.ഷാ മെഡിക്കല്‍ കോളേജില്‍ നിന്ന് 2020 ഡിസംബറില്‍ 6 ലാപ്ടോപ്പുകള് കവര്‍ന്നതിനായിരുന്നു അറസ്റ്റ്.
ഇന്റര്‍നെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളേജുകളുടെ വിലാസം ശേഖരിച്ചാണ് കവര്‍ച്ചക്കെത്തുന്നത്. പഠനത്തിനായി ലാപ്ടോപ്പുകളില് ശേഖരിച്ചുവെക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടുന്നതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനരംഗത്ത് സംഘര്‍ഷം അനുഭവിക്കുകയും മാനസികമായി തളരുകയും ചെയ്യും. ഇതിലൂടെയാണ് തമിഴ്സെല്വന് കണ്ണന് തന്റെ പ്രതികാരം പൂര്‍ത്തീകരിച്ചിരുന്നത്.
അതേസമയം ജൂണ്‍ 7 ന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് കാണാതായ വീഡിയോ ലാവിഞ്ചോ സ്കോപ്പി എന്ന ഉപകരണം മോഷ്ടിച്ചത് തമിഴ്സെല്വന് അല്ലെന്നും പോലീസ് പറയുന്നു.
▂