മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുഡൈറ്റഡ് വിട്ടു. കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് തീരുമാനം. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് യുണൈറ്റഡ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
ക്ലബിനായി അദ്ദേഹം നല്‍കിയ സംഭവനകള്‍ക്ക് യുണൈറ്റഡ് നന്ദി അറിയിച്ചു. യുണൈറ്റഡില്‍ നിന്നും രണ്ടാമത്തെ വിടവാങ്ങലാണ് താരത്തിന്റേത്. 2009 ല്‍ ആയിരുന്നു താരത്തിന്റെ ആദ്യത്തെ വിടവാങ്ങല്‍. റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു പിന്നീട് താരത്തിന്റെ കരിയര്‍. 2018 ലാണ് താരം ഇറ്റാലിയന്‍ ക്ലബായ യുവെന്റസില്‍ എത്തുന്നത്.
മൂന്ന് വര്‍ഷം ഇറ്റാലിയന്‍ ക്ലബിനായി പന്ത് തട്ടിയ താരം 2021 ല്‍ തിരിച്ച് യുണൈറ്റഡില്‍ എത്തുകയായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗുരുതര ആരോപണങ്ങളാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉന്നയിച്ചിരുന്നത്. യുണൈറ്റഡ് തന്നെ ചതിച്ചുവെന്നാണ് ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
നിലവിലെ പരിശീലകന്‍ എറിക് ടെന്‍ഹാഗിനെതിരെയും മുന്‍ കോച്ച് ഒലേയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ഉന്നയിച്ചത്. ടെന്‍ഹാഗിനോട് ഒരു ബഹുമാനവുമില്ലെന്ന് താരം തുറന്നടിച്ചിരുന്നു. കോച്ച് മാത്രമല്ല മറ്റു രണ്ടോ മൂന്നോ പേര്‍ കൂടി തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് താന്‍ ഇവിടെ തുടരുന്നത് ഇഷ്ടമല്ല.
കഴിഞ്ഞ വര്‍ഷവും അവര്‍ക്ക് ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ക്രിസ്റ്റ്യാനോ ആരോപിച്ചു.’ഒലേ കോച്ചായിരുന്ന സമയത്ത് ഒരു മാച്ചിന് മുമ്പ് നടന്ന സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മത്സരത്തിന് മുമ്പ് ടീമുമായി സംസാരിക്കുകയോ ഒരു നിര്‍ദേശമോ നല്‍കാതെ ഒലേ ആകെ ചെയ്തത് 1999ല്‍ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹം നേടിയ ഗോള്‍ കാണിച്ച് തരിക മാത്രമായിരുന്നു. ആ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഞങ്ങള്‍ പരാജയപ്പെട്ടത്’, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.
പിന്നാലെ താരം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്ലബ് രംഗത്തുവന്നിരുന്നു. തങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവനകളും വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവന്നതിന് ശേഷമായിരിക്കും നടപടിയെന്നുമാണ് ക്ലബ് നേരത്തെ വിശദീകരിച്ചത്.