കാസർകോട്: പ്രിൻസിപ്പാളിന്റെ ചുമതലയിൽനിന്ന് നീക്കിയതിനു പിന്നാലെ കാസർകോട് ഗവൺമെന്റ് കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ ആരോപണവുമായി എൻ. രമ. എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ കോളേജിൽ തോന്നിവാസങ്ങൾ നടക്കുന്നെന്ന് അവർ ആരോപിച്ചു. കോളജിൽ പഠിക്കുന്നത് ഒരു വിഭാഗം ഗുണ്ടകളാണെന്നും മുൻ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.റാഗിങ്, മയക്കുമരുന്ന്, ഒരു വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോശമായ രീതിയിലുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം കോളേജിൽ നടക്കുന്നുണ്ട്. അതിനെതിരായി ശക്തമായ നടപടികൾ മാത്രമേ ഞാനെടുത്തിട്ടുള്ളൂ. അതുകൊണ്ട് മാത്രമാണ് തനിക്കെതിരേയുള്ള നടപടിയെന്നും രമ പറഞ്ഞു.
കോളേജിനകത്ത് ലൈംഗിക അരാജകത്വം നടക്കുന്നെന്ന് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എൻ. രമ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അതേ ആരോപണങ്ങളുമായി രമ വീണ്ടും രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. കോളേജിനടുത്തുള്ള കടകളിലുള്ളവരും വഴിപോക്കരുമായ ആളുകൾ ഇക്കാര്യങ്ങൾ വിളിച്ചു പറയുന്നുണ്ടെന്നും അവർ പറഞ്ഞു. ഇത് ചോദ്യം ചെയ്താൽ സദാചാരത്തിന്റെ പേരുപറഞ്ഞ് വിദ്യാർഥികൾ തന്നെ എതിർക്കുമെന്നും രമ കൂട്ടിച്ചേർത്തു.
സദാചാര വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽനിൽക്കുന്നത് എസ്.എഫ്.ഐക്കാരും മയക്കുമരുന്ന് പ്രവർത്തനങ്ങൾക്ക് മുന്നിൽനിൽക്കുന്നത് എം.എസ്.എഫുകാരുമാണ്. കോളേജിൽ അഞ്ച് ശതമാനത്തിൽ താഴെ വരുന്ന കുറച്ച് ഗുണ്ടകളുണ്ട്. അവരാണ് ഈ പ്രശ്നങ്ങൾക്ക് പിന്നിലെന്നും രമ പറയുന്നു.കാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയിലാണ് രമയെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ നിർദേശപ്രകാരമാണ് ചുമതലയിൽനിന്ന് നീക്കിയത്.
കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് വിഷയമുന്നയിച്ച് പ്രിൻസിപ്പലിന്റെ മുന്നിലെത്തിയ വിദ്യാർഥികളെ, രമ അവരുടെ മുറിയിൽ പൂട്ടിയിട്ട് പുറത്തുപോവുകയായിരുന്നു. ഇത് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധത്തിന് വഴിവെച്ചു. കോളേജിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ ചെളി കലർന്നിട്ടുണ്ടെന്നും അത് കുടിക്കാൻ യോഗ്യമല്ലെന്നുമാണ് വിദ്യാർഥികളുടെ ആരോപണം.