കാസര്‍കോട്: ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ചു സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
12 സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയ സാന്നിധ്യവും കണ്ടെത്തി. കഴിഞ്ഞ നാലിനാണ് വെള്ളത്തിന്റെ 30 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ചെറുവത്തൂരിലെ റസ്റ്റോറന്റുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പന ശാലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡി.എം.ഒ ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
ഷവര്‍മ കഴിച്ചവര്‍ക്കു ഭക്ഷ്യ വിഷബാധ ഉണ്ടാകാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയുണ്ടായ ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിച്ചതോടെയാണ് ഷിഗെല്ലയുടെ കണ്ടെത്തല്‍. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകളിലെ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കുകയായിരുന്നു.