‘ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയത് ‘ശിവലിംഗമോ’? പുതിയ വാദങ്ങൾ പൊളിച്ച് ‘വുദുഖാന’യുടെ പഴയ വിഡിയോ

Latest ഇന്ത്യ

ലഖ്‌നൗ: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന് സർവേ നടത്തിയ സംഘം സിവിൽ കോടതിയിൽ അവകാശപ്പെട്ടിരുന്നു. പിന്നാലെ, ഈ ഭാഗം അടച്ചിടാൻ വരാണസി കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്നത് ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണെന്നാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.പള്ളിയിൽ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികൾ അംഗശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന ജലസംഭരണി(വുദുഖാന/ഹൗദ്)യിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് ഇന്നലെ സർവേ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്.

വുദുഖാനയുടെ മധ്യത്തിൽ ഒരു കിണർ പോലെയുള്ള രൂപം ശ്രദ്ധയിൽപെട്ട് വെള്ളം കുറയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തുനോക്കിയപ്പോഴാണ് കിണർ മാതൃകയിലുള്ള ശിവലിംഗം കണ്ടെതെന്നായിരുന്നു ഹിന്ദു വിഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരായ വിഷ്ണുശങ്കർ ജെയിൻ അവകാശപ്പെട്ടത്. ഇതിനു പിന്നാലെ വരാണസി സിവിൽ ജഡ്ജി രവികുമാർ ദിവാകർ സ്ഥലം സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.എന്നാൽ, കണ്ടെത്തിയത് ശിവലിംഗമല്ലെന്നും വുദുഖാനയിലെ വാട്ടർ ഫൗണ്ടനാണെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. മുഗൾ കാലത്ത് നിർമിച്ച പള്ളിയുടെ ഭാഗമായി രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്തതാണ് ഫൗണ്ടൻ.

ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് പള്ളി പരിപാലന കമ്മിറ്റിയായ അൻജുമനെ ഇൻതിസാമിയ മസ്ജിദ് ജോയിന്റ് സെക്രട്ടറി യാസീൻ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’വിനോട് വ്യക്തമാക്കിയിരുന്നു.പള്ളി കമ്മിറ്റിയുടെ വാദം സ്ഥിരീകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ. മാധ്യമപ്രവർത്തകൻ നിഖിൽ ചൗധരി ട്വീറ്റ് ചെയ്ത വിഡിയോയിൽ ആളുകൾ ചേർന്ന് വുദു ഖാന ശുദ്ധീകരിക്കുന്നത് കാണാം. ഇതിൽ ഹൗദിന്റെ മധ്യത്തിലായി ചെറിയ കിണറിന്റെ രൂപത്തിലുള്ള ഒരു വാട്ടർ ഫൗണ്ടനും വ്യക്തമാണ്. ഇതാണ് ഇപ്പോൾ ഹിന്ദുക്ഷേത്രത്തിനു മുകളിലാണ് പള്ളി നിർമിച്ചതെന്ന് ആരോപിക്കാനുള്ള തെളിവായി ഉയർത്തിക്കാണിക്കുന്ന ശിവലിംഗമെന്നാണ് പള്ളി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *