കാസർകോട്: ആറുവരി പാതയിലൂടെ വാഹനങ്ങള്‍ അനുവദിച്ചതിലും ഇരട്ടി വേഗത്തില്‍ കുതിച്ചു പായുന്നത് ആശങ്കയാകുന്നു. തുറന്ന് കൊടുത്ത കാസർഗോഡ് തലപ്പാടി ചെങ്കള റൂട്ടില്‍ ഒരാഴ്ചക്കിടെ 9000 വാഹനങ്ങളാണ് അമിത വേഗതയില്‍ ചീറി പാഞ്ഞത്.
90 കിലോമീറ്റർ വേഗപരിധിയും വിട്ട് 160 കിലോമീറ്റർ വേഗത്തില്‍ വരെ വാഹനങ്ങള്‍ കുതിച്ചു പാഞ്ഞു. എടിഎംഎസ് റോഡ് ക്യാമറ നിരീക്ഷണത്തിലാണ് നിയമലംഘനങ്ങള്‍ പതിഞ്ഞിട്ടുള്ളത്.
അപകടങ്ങളും വർധിച്ചതോടെ പരിശോധനയും ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ആറ് വരി പാത വരുന്നതോടെ റോഡ് സമീപനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കൂടെയാണ് ചർച്ചയാകുന്നത്. ആറ് വരി പാത വന്നതോടെ ജനങ്ങള്‍ക്ക് ബോധവത്കരണം ആവശ്യമാണെന്ന് കാസർഗോഡ് ജോയിന്‍റ് ആർടിഒ അജിത് ആൻഡ്രൂസ് പറഞ്ഞു. ലേൻ ട്രാഫിക്കിനെ പറ്റി അറിയാത്ത് കൊണ്ടാണ് അപകടങ്ങള്‍ കൂടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
4 ദിവസത്തിനിടെ അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് 4500 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സ്പീഡോ മീറ്ററില്‍ 150ഉം 160ഉം കി.മീ സ്പീഡ് വരെ എഴുതിയിട്ടുണ്ടാകാം. അത്രയും വേഗതിയില്‍ വാഹനം ഓടിക്കുന്നത് ആത്മഹത്യാപരമാണെന്ന് ജോയിന്‍റ് ആർടിഒ പറയുന്നു. കേരളത്തില്‍ സ്വകാര്യ കാറുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വേഗത അനുവദിച്ചിട്ടുള്ളത്. അത് 90 കി.മീ ആണ്. ദേശീയ പാതയില്‍ കാറുകള്‍ക്ക് പരമാവധി സ്പീഡ് 100 കി.മീ എന്ന് എഴുതിയിട്ടുണ്ട്.

ദേശീയ പാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് അത് കൃത്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈവേയിലെ എൻട്രി പോയിന്‍റും എക്സിറ്റ് പോയിന്‍റും മനസിലാക്കി മാത്രം കയറുകയും ഇറങ്ങുകയും വേണം. സര്‍വീസ് റോഡുകള്‍ ടൂ വേ ആണെന്നുള്ള കാര്യം ഒരിക്കലും മറക്കരുത്. ശരിക്കും ആറ് വരി പാതയില്‍ ടൂ വീലര്‍ എൻട്രി ഇല്ലാത്തതാണ്. ഈ സാഹചര്യത്തില്‍ ടൂ വീലര്‍ ദേശീയ പാതയില്‍ കയറിയാല്‍ തന്നെ ഇടത് വശം അറ്റം ചേര്‍ന്ന് മാത്രം
പോകണം.