ദശലക്ഷക്കണക്കിന് ആളുകള്‍ ഇഷ്ടപ്പെടുന്ന സംഖ്യാശാസ്ത്ര പ്രശ്നോത്തരി (പസില്‍) സുഡോക്കുവിനെ ജനപ്രിയമാക്കിയ മക്കി കാജി (69) അന്തരിച്ചു. “സുഡോകുവിന്റെ പിതാവ്” എന്നറിയപ്പെടുന്ന ഇദ്ദേഹം ക്യാന്‍സര്‍ ബാധിതനായിരുന്നു. ജാപ്പനീസ് പ്രസാധകനായ നിക്കോളിയാണ് മക്കി കാജി അന്തരിച്ച വിവരം അറിയിച്ചത്.
ക്യാന്‍സര്‍ ബാധിതനായ മക്കി കാജി ഓഗസ്റ്റ് 10ന് സ്വന്തം വീട്ടില്‍ വച്ചാണ് മരിച്ചെന്നും പരേതനോടുള്ള ബഹുമാനസൂചകമായി ഒരു അനുസ്മരണ പരിപാടി പിന്നീട് നടത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ നിക്കോളി പറഞ്ഞു. “സുഡോകുവിന്റെ പിതാവായി അറിയപ്പെട്ടിരുന്ന കാജിയെ ലോകമെമ്ബാടുമുള്ള പസില്‍ ആരാധകര്‍ ഏറെ സ്നേഹിച്ചിരുന്നു” എന്ന് പ്രസാധകന്‍ തന്റെ വെബ്സൈറ്റിലൂടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. 18-ാം നൂറ്റാണ്ടില്‍ സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോണ്‍ ഹാര്‍ഡ് യൂലറാണ് ‘സുഡോകു’ എന്ന നമ്ബര്‍ ക്രോസ് വേഡ് പസില്‍ കണ്ടുപിടിച്ചത്. ഈ ക്രോസ് വേഡ് പസിലിന്റെ ആധുനിക രൂപം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു. എന്നാല്‍ പസില്‍ ഇത്രയും ജനപ്രിയമാക്കിയതിന്റെ ബഹുമതി തീര്‍ച്ചയായും കാജിക്കാണ്.
“ഓരോ സംഖ്യയും ഒറ്റയായിരിക്കണം” (“each number must be single”) എന്നര്‍ഥമുള്ള ജാപ്പനീസ് ശൈലിയുടെ ചുരുക്കെഴുത്ത് രൂപമായ ‘സുഡോകു’ എന്ന പേര് അദ്ദേഹമാണ് നല്‍കിയതെന്നും പറയപ്പെടുന്നു.
81 ചതുരങ്ങളാല്‍ നിര്‍മ്മിച്ച ഒരു ബോക്സില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകള്‍ നല്‍കി വേണം സുഡോകുവില്‍ ഒരു കളി ആരംഭിക്കാന്‍. ഇങ്ങനെയുള്ള ലംബവും തിരശ്ചീനവുമായ കോളങ്ങളില്‍ ഒരു സംഖ്യയും ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല. കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിന്, ഒന്‍പത് ഒറ്റ ചതുരങ്ങള്‍ അടങ്ങുന്ന ഒന്‍പത് ബ്ലോക്കുകളായി പ്രധാന ചതുരത്തെ വിഭജിച്ചിട്ടുമുണ്ട്. കൂടാതെ ഈ ഓരോ ബ്ലോക്കിലും ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകളും അടങ്ങിയിരിക്കണം. ഓരോ നിരയിലും ഓരോ സംഖ്യയും ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതാണ് സുഡോക്കുവിന്റെ മറ്റൊരു പ്രത്യേകത.
1980 കളില്‍ ഒരു അമേരിക്കന്‍ മാസികയില്‍ ഇതിന്റെ ഒരു പതിപ്പ് കണ്ടെത്തിയ നിക്കോളി സുഡോക്കുവിനെ ജപ്പാനിലേക്ക് കൊണ്ടുവരികയായിരുന്നു. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം സുഡോകു വളര്‍ന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും തിരികെ പോകുകയും ചെയ്തു. 2005ല്‍ ബ്രിട്ടന്റെ ബിബിസി ഈ പസിലിനെക്കുറിച്ച് “കഴിഞ്ഞ വര്‍ഷം രാജ്യത്തെ സൗമ്യമായി ആക്രമിച്ച ഈ പസില്‍ ഇപ്പോള്‍ നാല് ദേശീയ ദിനപത്രങ്ങളില്‍ കാണാനാകുമെന്ന്” എഴുതുകയും ചെയ്തിരുന്നു.
ഒരു പുതിയ പസില്‍ സൃഷ്ടിക്കുകയെന്നത് “ഒരു നിധി കണ്ടെത്തുന്നത്” പോലെയാണെന്ന് 2007 ല്‍ കാജി ബിബിസിയോട് പറഞ്ഞിരുന്നു. “ഇത് പണമുണ്ടാക്കുമോ ഇല്ലയോ എന്നതല്ല മറിച്ച് ഈ പസില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ലഭിക്കുന്ന ആവേശമാണ് ഏറ്റവും രസം. ” സുഡോക്കുവിന്റെ പിന്നിലെ രസതന്ത്രത്തെക്കുറിച്ച് കാജി പറഞ്ഞിരുന്നു.