വിവാഹത്തിന് സമ്മതിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കി കമിതാക്കൾ: ഇരുവരുടെയും പ്രതിമകളെ വിവാഹം ചെയ്യിപ്പിച്ച് വീട്ടുകാർ

Latest ഇന്ത്യ പ്രാദേശികം

താപി: വിവാഹത്തിന് സമ്മതിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ കമിതാക്കളുടെ വിവാഹം നടത്തി കുടുംബം. മരിച്ചു പോയവരുടെ വിവാഹം എന്ന് കേട്ടിട്ട് എവിടെയോ ഒരു കുഴപ്പം തോന്നുന്നുണ്ടല്ലേ? എന്നാൽ കേട്ടോളൂ, വിവാഹം നടത്തിയത് ഇരുവരുടെയും പ്രതികളെ വെച്ചാണ്. ഗുജറാത്തിലെ താപി ജില്ലയിലാണ് സംഭവം.വിവാഹത്തിന് വീട്ടുകാർ സമ്മതം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് നെവാല ഗ്രാമവാസികളായ ഗണേശ് പഡ്‌വിയും രഞ്ജന പഡ്‌വിയും ജീവനൊടുക്കുന്നത്. വിവാഹത്തിനുള്ള എതിർപ്പ് കൂടാതെ ഇരുകൂട്ടരുടെയും കുത്തുവാക്കുകൾ കൂടിയായപ്പോൾ സങ്കടം സഹിക്ക വയ്യാതെ ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു.

എന്നാൽ ഇവരുടെ മരണത്തിന് പിന്നാലെ കുറ്റബോധത്തിലായ വീട്ടുകാർ ഇരുവരുടെയും ആഗ്രഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇരുവരുടെയും പ്രതിമകൾ നിർമിക്കുന്നതും വിവാഹം നടത്തുന്നതും. ഗോത്രാചാരവിധി പ്രകാരം എല്ലാ ചടങ്ങുകളോടും കൂടിയായിരുന്നു വിവാഹം.ഗണേശ് തങ്ങളുടെ അകന്ന ബന്ധുവായതിനാലാണ് വിവാഹത്തെ എതിർത്തതെന്നാണ് രഞ്ജനയുടെ മുത്തച്ഛൻ ഭീംസിങ് പറയുന്നത്.

എന്നാൽ ഇരുവരുടെയും മരണത്തോടെ അവർ എത്രയധികം പരസ്പരം സ്‌നേഹിച്ചിരുന്നുവെന്ന് തങ്ങൾക്ക് മനസ്സിലായെന്നും അതിനാൽ ഇങ്ങനെയൊരു വിവാഹം നടത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വിവാഹത്തോടെ ഇരുവരുടെയും ആത്മാക്കൾക്ക് മോക്ഷം കിട്ടി എന്ന് സമാധാനിക്കുകയാണ് കുടുംബം.എന്തായാലും ‘വരനെയും വധു’വിനെയും അണിയിച്ചൊരുക്കി വിവാഹം കഴിപ്പിക്കുന്നതിന്റെ വീഡിയോ കണ്ട് സ്തബ്ധരായിരിക്കുകയാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *