അതിജീവിച്ച് സൗദി – ജനജീവിതം സാധാരണനിലയിലേക്ക്

Latest ഗൾഫ്

പൊതു, സ്വകാര്യ സ്ഥാപനങ്ങൾ സജ്ജമായി
വാക്‌സിനെടുത്തവർക്ക് എല്ലായിടത്തും പ്രവേശനം

ഇന്ത്യൻ യാത്രയും കോവാക്‌സിനും അനിശ്ചിതത്വത്തിൽ

റിയാദ്- കോവിഡ് വൈറസ് ഭീഷണിയെ തുടർന്ന് അടച്ചിട്ട വാതിലുകളെല്ലാം സൗദി അറേബ്യ തുറക്കുന്നു. 50 ശതമാനത്തിലധികം പേർക്ക് രണ്ടു ഡോസ് കോവിഡ് വാക്സിൻ നൽകിയതോടെയാണ് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. നിർദിഷ്ട വാക്സിനുകൾ സ്വീകരിച്ച് തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കൈവരിച്ചവർക്ക് മാത്രമാണ് ഇന്നു മുതൽ സൗദിയിലെ വ്യാപാര, വാണിജ്യ, തൊഴിൽ, വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിലും വിനോദകേന്ദ്രങ്ങളിലും പ്രവേശനം.

സകല ജീവിത മേഖലകളേയും സ്തംഭിപ്പിച്ച കോവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് സൗദി പതുക്കെ മുക്തമാകുകയാണ്. ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലാത്തതിനാൽ കോവിഡ് ജാഗ്രതാ നിർദേശങ്ങളെല്ലാം കർശനമായി പാലിക്കണം. എല്ലാവർക്കും വാക്സിനെടുക്കാൻ ശാസ്ത്രീയ സംവിധാനങ്ങളോടെ 587 കേന്ദ്രങ്ങളാണ് രാജ്യം ഒരുക്കിയിരുന്നത്.
ഇന്നു മുതൽ കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും സർക്കാർ കേന്ദ്രങ്ങളിലും പ്രവേശിക്കുന്നവരെല്ലാം കോവിഡ് ഇമ്മ്യൂൺ സ്റ്റാറ്റസ് നേടിയവരാണോയെന്ന് പരിശോധിക്കുമെന്നും നിയമലംഘകർക്ക് ശിക്ഷയേർപ്പെടുത്തുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചും ഉപകരണങ്ങൾ സ്ഥാപിച്ചും സ്ഥാപനങ്ങൾ നടപടി പൂർത്തിയാക്കിക്കഴിഞ്ഞു.
ഇമ്മ്യൂൺ സ്റ്റാറ്റസില്ലാത്ത ആരെയും കടത്തിവിടരുതെന്ന് വിവിധ ബലദിയകളും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യവസ്ഥ നടപ്പാക്കാൻ സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങളേർപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.
2.66 കോടിയിലേറെ ഡോസ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. 1,87,02,970 പേർക്ക് ആദ്യ ഡോസ് വാക്‌സിനും 79,33,970 പേർക്ക് രണ്ടു ഡോസ് വാക്‌സിനും നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുന്നോടിയായി 12 മുതൽ 17 വരെ വയസ് പ്രായമുള്ള കുട്ടികൾക്കും വാക്‌സിൻ വിതരണം ഊർജിതമായി തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കും. കോവിഡ് ചികിത്സയും വാക്‌സിനും സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം സൗജന്യമായാണ് സർക്കാർ നൽകിവരുന്നത്. വാക്സിനെടുക്കാൻ ബാക്കിയുള്ള എല്ലാവരും വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കാളികളാകണമെന്ന് സൗദി ആരോഗ്യമന്ത്രാലയം നിർദേശിച്ചിരിക്കുകയാണ്.
അതേസമയം ഇന്ത്യയിൽനിന്ന് കോവാക്സിൻ സ്വീകരിച്ച് സൗദിയിലെത്തിയവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാവുകയുള്ളൂ. ഇവർക്ക് തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് ലഭിക്കാൻ നിലവിൽ യാതൊരു സാധ്യതയുമില്ല. കോവാക്സിന് അംഗീകാരം നേടാനുള്ള ശ്രമങ്ങൾ ഇന്ത്യൻ സർക്കാർ നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രവാസികളിൽനിന്നുള്ള നിരന്തര പരാതികൾ കാരണം പരിഹരിക്കപ്പെട്ടു.
വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് ടൂറിസം വിസകൾ ഓൺലൈനിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇന്നു മുതൽ ടൂറിസ്റ്റുകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനാകും.
അതേസമയം ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസ ലഭ്യമാകുമെങ്കിലും 14 ദിവസം മറ്റേതെങ്കിലും രാജ്യങ്ങളിൽ താമസിച്ച് മാത്രമേ സൗദിയിലെത്താനാവൂ. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലെത്തിയാൽ ക്വാറന്റൈനും ആവശ്യമില്ല. സൗദിയിലെത്തിയ ശേഷം ഹോട്ടൽ ക്വാറന്റൈൻ പാലിക്കേണ്ടതില്ല എന്ന പ്രഖ്യാപനം രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ സഹായിക്കും. നിലവിൽ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന പല രാജ്യങ്ങളും വിദേശികൾക്ക് ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്കും ഈ മാസം സൗദിയിലേക്ക് വഴി തുറക്കാനിരിക്കുകയാണ്.
ഇന്ത്യയുൾപ്പെടെ വൈറസ് വ്യാപനം നിലക്കാത്ത രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും പ്രശ്ന പരിഹാരത്തിന് നയതന്ത്ര മേഖലയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വൈകാതെ സൗദിയുടെ നിർദിഷ്ട രണ്ടു ഡോസ് വാക്സിനെടുത്ത ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാകുമെന്നുതന്നെയാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *