ഉത്തർപ്രദേശിലെ പള്ളിയിൽ ഖുറാൻ കത്തിച്ച നിലയിൽ, പ്രതി അറസ്റ്റിൽ; സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു

Latest ഇന്ത്യ

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ പള്ളിക്കുള്ളിൽ കയറി ഖുറാൻ കത്തിച്ച സംഭവത്തിൽ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഖുറാൻ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലിയിടങ്ങളിൽ കല്ലേറും തീവെപ്പും നടന്നു. ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചു.

നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ്  നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്റെ ആലം പള്ളിയിൽ ഖുറാന്റെ ഭാഗം കത്തിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഐജി രമിത് ശർമ്മ പറഞ്ഞു.സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് സൂപ്രണ്ട് എസ്. ആനന്ദ് പറഞ്ഞു.

താജ് മുഹമ്മദ് എന്നയാളാണ് ഖുറാൻ കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ ഖുറാൻ കത്തിച്ച് പ്രദേശത്തുനിന്ന് പോകുന്നതായി കണ്ടു.

ഇയാളെ പിന്നീട് ബരുജായി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് പ്രതാപ് സിംഗ്, അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (ഫിനാൻസ് ആൻഡ് റവന്യൂ) രാംസേവക് ദ്വിവേദി എന്നിവർ സംഭവസ്ഥലത്തെത്തി സമാധാനം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഇയാൾ പള്ളിക്ക് മൂന്ന് കിലോമീറ്റർ അപ്പുറം താമസിക്കുന്നയാളാണ്. ദരിദ്രനാണെന്നും ജോലിയില്ലെന്നും വിവാഹം കഴിയ്ക്കാൻ ആകുന്നില്ലെന്നും ഇയാൾ പറഞ്ഞതായി പൊലീസ് പറ‍ഞ്ഞു. തന്റെ ആത്മാവ് പറ‍ഞ്ഞിട്ടാണ് ഖുറാൻ കത്തിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *