മുഖ്യമന്ത്രി വിദേശ കറൻസി കടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ നിർണായക മൊഴി

Latest കേരളം

മുഖ്യമന്ത്രി വിദേശ കറൻസി കടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ നിർണായക മൊഴി. ഡോളർ കടത്ത് കേസിലെ ഷോ കോസ് നോട്ടീസിലാണ് കസ്റ്റംസ് ഈ മൊഴി എടുത്ത് പറഞ്ഞിരിക്കുന്നത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയിലാണ് കറൻസി കടത്തിയത്. ഷോകോസ് നോട്ടീസിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞൻ വഴിയാണ് കറൻസി കടത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം. ശിവശങ്കറിന്റെ നിർദേശപ്രകാരം സരിത്താണ് ഇത് വാങ്ങി അൽദൗഖിക്ക് കൈമാറിയത്. കറൻസിയാണ് പാക്കിലെന്ന് സ്‌കാനിങിൽ കണ്ടെത്തി. പൊതുഭരണ ഉദ്യോഗസ്ഥനിൽനിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്തും മൊഴി നൽകി.

ഹരികൃഷ്ണൻ എന്ന ഉദ്യോഗസ്ഥനിൽനിന്നാണ് പാക്കറ്റ് വാങ്ങിയത്. ഒരു ബണ്ടിൽ കറൻസിയുണ്ടെന്ന് എക്‌സ്‌റേ സ്‌കാനിങിൽ കണ്ടെത്തിയെന്നും സരിത്ത് പറഞ്ഞു. ഇടപാടിന് കോൺസുലേറ്റ് ജനറൽ തനിക്ക് ആയിരം ഡോളർ ടിപ്പായി നൽകിയെന്നും സരിത്ത് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കറും സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദാണ് കേസിലെ ഒന്നാം പ്രതി. ആറ് പേർക്കാണ് ഷോകോസ് നൽകിയിരിക്കുന്നത്. യു.എ.ഇ പ്രതിനിധികൾക്കുള്ള സമ്മാനമായിരുന്നു കൈമാറിയതെന്ന് ശിവശങ്കർ മൊഴി നൽകി. ജൂലൈ 29ന് കസ്റ്റംസ് അയച്ച ഷോകോസ് നോട്ടീസിന്റെ പകർപ്പാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കെതിരെ ഈ കേസിൽ ഇതുവരെ കേൾക്കാത്ത ഗുരുതര ആരോപണമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *