ദിസ്പൂര്‍: താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് അസം ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും കുര്‍മി പറഞ്ഞു. ഇക്കാര്യങ്ങള്‍ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമല്ലെന്നും അസം ബിജെപി നേതാവ് രൂപ്‌ജ്യോതി കുര്‍മി കുറ്റപ്പെടുത്തി. ഷാജഹാന് തന്റെ നാലാമത്തെ ഭാര്യ മുംതാസ് മഹലിനോടുള്ള സ്‌നേഹത്തെയും കുര്‍മി ചോദ്യം ചെയ്തു. മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അവരുടെ മരണശേഷവും ഷാജഹാന്‍ മൂന്ന് തവണ വിവാഹം കഴിച്ചതെന്നും എംഎല്‍എ ചോദിച്ചു.
‘താജ്മഹലും കുത്തബ്മിനാറും എത്രയും പെട്ടന്ന് പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെയും സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണം.
ലോകത്തുളള മറ്റ് സ്മാരകങ്ങളേക്കാള്‍ മനോഹരമായിരിക്കണം അവയുടെ വാസ്തുവിദ്യകള്‍’, ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍സിഇആര്‍ടി പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു.
സിലബസ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തതെന്നായിരുന്നു എന്‍സിഇആര്‍ടിയുടെ വാദം. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.