തലപ്പാടി– ചെങ്കള പാത നിര്‍മാണം 4ന്‌ തുടങ്ങും

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്‌
ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിര്‍മാണ പ്രവൃത്തി കാസര്‍കോട്‌, തളിപ്പറമ്ബ്‌ റീച്ചുകളില്‍ ഉടന്‍ ആരംഭിക്കും.
തലപ്പാടി മുതല്‍ ചെങ്കള വരെ നാലിനും ചെങ്കള മുതല്‍ തെക്കോട്ട്‌ 15 ഓടെയും പണി തുടങ്ങും.
തലപ്പാടിയില്‍ നിന്നാണ്‌ നിര്‍മാണം തുടങ്ങുക. സര്‍വീസ്‌ റോഡുകളാണ്‌ ആദ്യം നിര്‍മിക്കുന്നത്‌. ഗതാഗതം ക്രമീകരണത്തിന്‌ സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിര്‍മാണം. റോഡിന്റെ അതിര്‍ത്തികള്‍ കൃത്യമായി മാര്‍ക്ക്‌ ചെയ്യുകയാണ്‌ ഇപ്പോള്‍. ഇത്‌ മഞ്ചേശ്വരം വരെ എത്തി.
മരം മുറിക്കല്‍ ഉപ്പള വരെയായി. കെട്ടിടങ്ങള്‍ എല്ലായിടങ്ങളിലും ഉടമകള്‍ പൊളിച്ച്‌ നീക്കുന്നുണ്ട്‌. ഊരാളുങ്കല്‍ സൊസൈറ്റിയാണ്‌ പ്രവൃത്തി നടത്തുന്നത്‌. 39 കിലോ മീറ്റര്‍ ദൂരമാണ്‌ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ളത്‌. കറന്തക്കാട്‌ മുതല്‍ കാസര്‍കോട്‌ പുതിയ ബസ്‌സ്‌റ്റാന്‍ഡ്‌ കഴിഞ്ഞ്‌ മിലന്‍ ഗ്രൗണ്ട്‌ വരെ നീളുന്ന 1.06 കിലോ മീറ്റര്‍ നീളമുള്ള മേല്‍പ്പാലം, കുമ്ബള, മൊഗ്രാല്‍, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പ്രധാന പാലങ്ങള്‍ നാല്‌ ചെറുപാലങ്ങള്‍ എന്നിവയുടെ മണ്ണ്‌ പരിശോധന പൂര്‍ത്തിയായി. ചെറുപാലങ്ങളില്‍ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനവും തുടങ്ങി.
ചെങ്കള– നീലേശ്വരം 15ന്‌ തുടങ്ങും ചെങ്കള നീലേശ്വരം റോഡ്‌ നിര്‍മാണം 15 ഓടെ തുടങ്ങും. പൊയിനാച്ചിയില്‍ നിന്നാണ്‌ തുടങ്ങുക. പത്ത്‌ കിലോമീറ്റര്‍ റോഡ്‌ വേഗത്തില്‍ പൂര്‍ത്തിയാക്കും. ആറുവരി പാതയില്‍ മൂന്നുവരിയുള്ള ഒരുഭാഗം ആദ്യം നിര്‍മിക്കും. നിര്‍മാണത്തില്‍ വളരെ വെല്ലുവിളി നേരിടുന്നതാണ്‌ ചെങ്കള നീലേശ്വരം (37 കിലോമീറ്റര്‍), നീലേശ്വരം തളിപ്പറമ്ബ്‌ (40 കിലോമീറ്റര്‍) റീച്ചുകള്‍. ഹൈദരാബാദിലെ മേഘശ്രീ കമ്ബനിയാണ്‌ പ്രവൃത്തി നടത്തുന്നത്‌. പെരിയയിലും ചീമേനിയിലുമാണ്‌ കമ്ബനിയുടെ ക്യാമ്ബ്‌. 30 ഏക്കര്‍ വീതം പ്ലാന്റേഷന്‍ ഭൂമി സര്‍ക്കാര്‍ പാട്ടത്തിന്‌ നല്‍കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *