മുംബൈ: ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് എടുത്തുചാടിയ പതിനേഴുകാരിക്ക് ഗുരുതരപരുക്ക്. അപമര്യാദയായി പെരുമാറിയ ഡ്രൈവറില്‍ നിന്ന് രക്ഷപ്പെടാനാണ് പതിനേഴുകാരി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടിയത്. മുംബൈയിലെ ഔറംഗാബാദിലാണ് സംഭവം. സയിദ് അക്ബര്‍ ഹമീദ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് പെണ്‍കുട്ടി ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തല റോഡിലിടിച്ചാണ് ഗുരുതരമായി പരുക്കേറ്റത്. തൊട്ടുപിന്നാലെ വന്ന കാര്‍ പെണ്‍കുട്ടിയുടെ ദേഹത്തു തട്ടാതെ തലനാരിഴക്ക് മാറിപ്പോയതിനാല്‍ വലിയ അപകടം ഒഴിവായി.
ഉടന്‍ തന്നെ കാല്‍നടയാത്രക്കാരും മറ്റും ഓടിവന്ന് പെണ്‍കുട്ടിയെ സഹായിക്കുകയും പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. ഡ്രൈവര്‍ ആദ്യം സാധാരണയായി സംസാരിക്കുകയും പിന്നീട് അശ്ലീലച്ചുവയോടെ സംസാരിക്കുകയുമാണ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.
ഇതോടെ ഭയന്ന പെണ്‍കുട്ടി രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു. നിര്‍ത്താതെ പോയ ഓട്ടോ നാല്‍പ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം കണ്ടെത്തുകയായിരുന്നു. മുംബൈ സ്വദേശിയായ ഹമീദ് അഞ്ചു മാസമായി ഔറംഗബാദില്‍ ഓട്ടോ ഓടിക്കുകയാണ്.