ബെംഗളൂരു: കര്‍ണ്ണാടകയിലെ ബേലൂരിലുള്ള ചെന്നഖേശ്വ ക്ഷേത്രത്തില്‍ രഥോത്സവം ആചാരവിധി പ്രകാരം നടത്താന്‍ അനുമതി നല്‍കി അധികൃതര്‍. ഉത്സവസ്ഥലത്ത് അഹിന്ദുക്കളായവര്‍ക്ക് വ്യാപാരം നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ വിലക്കും നീക്കി.
രഥോത്സവത്തിന് ആരംഭം കുറിക്കുന്നത് ഖുറാനിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണിത്.എന്നാല്‍ സമീപകാലത്ത് സംസ്ഥാനത്ത് രൂപപ്പെട്ട മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയത വലിയ ആശയക്കുഴപ്പം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.
ഉത്സവം പഴയ രീതിയില്‍ തന്നെ നടത്താന്‍ ബുധനാഴ്ചയാണ് അനുമതി ലഭിച്ചത്. പൊലീസ് സുരക്ഷ ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. ഉത്തരവ് വന്നതോടെ പതിനഞ്ചോളം വരുന്ന മുസ്ലീം വ്യാപാരികള്‍ സ്റ്റാളുകള്‍ ആരംഭിച്ചു.ആചാരപ്രകാരം മൗലവി ഖുറാനിലെ പ്രധാന ഭാഗങ്ങള്‍ ഉദ്ധരിക്കുന്നതോടെയാണ് രഥയാത്ര ആരംഭിക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന രഥോത്സവം കാണാനായി എത്തുന്നത്. ഹിന്ദുത്വ സംഘടനകള്‍ ഈ ആചാരത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അറുപതോളം വരുന്ന ഉത്സവങ്ങളില്‍ നിന്ന് മുസ്ലീം വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു വിലക്ക്. ഇതിനെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.