പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച കുട്ടി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്.
ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യനില ഗുരുതരമായത്.തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.