മൊഗ്രാൽ : മൊഗ്രാൽ അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്‌കൂളിന്റെ ആന്വൽ ഡേ ’23 & കോൺവെക്കേഷൻ 3.0 യുടെ ഭാഗമായി ഒരുക്കിയ പരിപാടികൾ കുരുന്നുകളുടെ വിവിധ പ്രകടനങ്ങളാൽ ശ്രദ്ധേയമായി. ഫില്ലിംഗ് ഖുർആൻ, അക്ഷരപ്പാട്ട്, ഹദീസ് സെക്ഷൻ, ചോദ്യോത്തര സെക്ഷൻ, ഒപ്പന, അറബിക് ഡാൻസ്, വട്ടപ്പാട്ട് തുടങ്ങി വിവിധപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചപ്പോൾ , തടിച്ച്കൂടിയ രക്ഷിതാക്കൾക്കും നാട്ടുകാർക്കും അത് നവ്യാനുഭവമായി മാറി.മുപ്പതാം ജുസ്ഹിലെ ഇരുപത്തിനാല് സൂറത്തുകളിൽ കാണികൾ ഏത് ഭാഗത്ത് നിന്ന് ഓതിയാലും ബാക്കി ഭാഗം അഞ്ച് വയസ്സും അതിന് താഴെയും മാത്രം പ്രായമുള്ള കുട്ടികൾ ഓതുന്നത് കാണികൾ വളരെ ആശ്ചര്യത്തോട് കൂടിയും രക്ഷിതാക്കൾ വളരെ ചാരിതാർഥ്യത്തോട് കൂടിയുമാണ് ശ്രവിച്ചത്.
കുഞ്ഞുപ്രായത്തിൽ കുട്ടികൾക്ക് നേടാൻ സാധിക്കുന്ന നന്മയുടെ ശേഷികൾ നേരിട്ടുബോധ്യപ്പെടാൻ സാധിച്ച സന്തോഷം പരിപാടിയിൽ സംസാരിച്ച എം എൽ എ അടക്കമുള്ളവർ പങ്ക് വെച്ചുമൂന്ന് വർഷം അൽ ഫിത്ര പ്രീ സ്കൂൾ പൂർത്തിയാക്കുകയും ഖത്മുൽ ഖുർആൻ പൂർത്തിയാക്കുകയും ചെയ്ത കുട്ടികൾക്കുള്ള ബിരുദദാന ചടങ്ങ് മഞ്ചേശ്വരം മണ്ഡലം എം എൽ എ, എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മികച്ച അക്കാഡമിക് നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കും കൂടുതൽ ഹാജർ നേടിയവർക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കൂടാതെ പരിപാടികൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും പ്രാപ്തരാക്കിയ അധ്യാപികമാർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി.
ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി എം ഷുഹൈബ്, അൽ ഫിത്ര ഇന്ദിരനഗർ അഡ്മിനിസ്ട്രേറ്റർ ആരിഫ് തെക്കിൽ, റിട്ട. ഹെഡ് മാസ്റ്റർ മാഹിൻ മാസ്റ്റർ, സിദ്ദിഖ് അലി മൊഗ്രാൽ, അഷ്റഫ് പെർവാർഡ്, എം ജി എ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി കെ ജാഫർ സ്വാഗതവും നാഫിയ ടീച്ചർ നന്ദിയും പറഞ്ഞു