കാണാതായ മകനെ അഞ്ചാം ദിവസം കോഴിക്കോട് നിന്നും കണ്ടെത്തി പിതാവ്; കാസര്‍കോട് സ്വദേശിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസ്

Latest കേരളം പ്രാദേശികം

കോഴിക്കോട്: അഞ്ച് ദിവസം മുമ്പ് പുത്തനത്താണിയില്‍ നിന്ന് കാണാതായ 15-വയസ്സുകരാനെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിതാവിന് തിരിച്ചു കിട്ടി.

കടത്തിക്കൊണ്ടുപോയ ആളും കുട്ടിയുടെ കൂടെയുണ്ടായിരുന്നു. 18-ാം തിയതി രാവിലെ താനൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ മകന്‍ തിരിച്ച് വരാതെ ആയതോടെയാണ് രക്ഷിതാക്കള്‍ കല്‍പ്പകഞ്ചേരി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.കുട്ടിയെ അന്വേഷിച്ച് ഇന്നലെയാണ് പിതാവ് കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ മകന്റെ കൈ പിടിച്ച് ഒരാള്‍ നടന്നു പോകുന്നത് കണ്ടു.

അയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന കുട്ടിയുടെ പിതാവ് ടൗണ്‍ പൊലീസില്‍ വിവരമറിയിച്ചു.ടൗണ്‍ പൊലീസ് എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയ കാസര്‍ഗോഡ് ചെങ്കള സ്വദേശിയായ അബ്ബാസിനെ കസ്റ്റഡിയില്‍ എടുത്ത് കല്‍പ്പകഞ്ചേരി പൊലീസിന് കൈമാറി.

കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാന്‍ കുട്ടിയെ മൊഴിയെടുക്കമെന്നും ശേഷം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇയാളുടെ പേരില്‍ മറ്റെവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നിലവില്‍ അബ്ബാസിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മാത്രമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

18-ാം തിയതി കോഴിക്കോട് കൊടുവള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്ന കുട്ടി പിറ്റേ ദിവസം വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി ട്രെയിനില്‍ അബ്ബാസും യാത്ര ചെയ്തിരുന്നു. ട്രെയിനില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ കടത്തികൊണ്ടുപോയത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ അറിയില്ലെന്നും പിന്നീട് ട്രെയിനില്‍ വെച്ച് കണ്ടിട്ടുണ്ടെന്നുമാണ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *