കാഞ്ഞങ്ങാട് :വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ആരോപണവിധേയനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. 49 വയസുകാരനായ പിതാവാണ് 17 വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർ സ്കാനിംഗ് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്.
ഒന്നര മാസത്തോളം ഗർഭിണിയായിരുന്നു പെൺകുട്ടി. ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കൂടാതെ നാല് ആൺ മക്കളും ഇയാൾക്കുണ്ട്. ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഗർഭിണിയായ പെൺകുട്ടിയെ ഗർഭഛിദ്രം നടത്തുന്നതിന് കോടതിയുടെ അനുമതി തേടുന്നതടക്കമുള്ള കാര്യങ്ങൾ നടന്നു വരികയാണെന്നാണ് വിവരം. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈനാണ് കേസ് അന്വേഷിക്കുന്നത്.