സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ബസുകള്‍ ‘ഫിറ്റ്’ ആകണമെന്ന് സര്‍ക്കാര്‍

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

കോഴിക്കോട്: കൊവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനു മുന്നോടിയായി സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ രണ്ട് വര്‍ഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്‌സ് അടക്കാനും ഫിറ്റ്‌നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരും.

പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച സ്‌കൂളാണ് നടക്കാവ് ഗേള്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ ബസുകളിലൊന്നിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. തുരുമ്പെടുത്ത് കട്ടപ്പുറത്തായ ബസിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നല്ലൊരു തുക ചെലവിടണം. ഇതിന് പുറമെ ഒന്നര വര്‍ഷത്തെ ടാക്‌സ് ഇന്‍ഷൂറന്‍സ് , ബാറ്ററി, ടയറ് എന്നിവയ്‌ക്കെല്ലാമായി ബസ് ഒന്നിന് 1,77,000 രൂപയോളം കണ്ടെത്തണം. സര്‍ക്കാര്‍ സ്‌കൂളായതിനാല്‍ ഈ തുകയെല്ലാം പിടിഎ കണ്ടേത്തേണ്ടിയും വരും.

എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും വണ്ടി വാങ്ങുന്നത്. കൊവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞ് കിടന്നതിനാല്‍ പിടിഎ ക്ക് പണം കണ്ടെത്താന്‍ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കു എന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതിലും സംശയമുണ്ട്.

എയിഡഡ് വിദ്യാലയങ്ങളിലാകട്ടെ സ്‌കൂള്‍ ബസുകളുടെ ചെലവിന്റെ ഒരു ഭാഗം മാനേജ്‌മെന്റുകളാണ് വഹിക്കുന്നത്. എങ്കിലും രണ്ടിലേറെ വാഹനങ്ങളുള്ള സ്‌കൂളുകളാണെങ്കില്‍ ചെലവ് ഇരട്ടിയാകും. ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ മേഖലയില്‍ നിന്നുയരുന്ന ആവശ്യം.

സ്‌കൂള്‍ ബസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പിടിഎക്ക് ഫണ്ട് കുറവുള്ള സ്‌കൂളുകള്‍ക്ക് പൊതുജനങ്ങളുടെ സഹായം വേണം. എല്ലാ സ്‌കൂളുകള്‍ക്കും ഫണ്ട് നല്‍കുക ബുദ്ധിമുട്ടാകും. കെഎസ്ആര്‍ടിസി കുട്ടികളെ മാത്രം കൊണ്ട് പോകുന്ന തരത്തില്‍ ക്രമീകരിക്കും. അധ്യാപക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പടെ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും. വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *