കോഴിക്കോട്: വിവാഹദിവസം വെളുപ്പിന് വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് തൂങ്ങിമരിച്ചത്. 30 വയസായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് നടത്താൻ തീരുമാനിച്ചത്.
വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു. വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്.
അതിനായി മണ്ഡപവും മേളവും ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല.
തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു.
അമ്മ: സുനില. സഹോദരൻ: ആകാശ്.