കാഞ്ഞങ്ങാട് :- കോവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ജീവനക്കാർക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ച മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ വിഹിതം ഉറപ്പ് വരുത്തി ഉടൻ നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
കുത്തക ഭീമൻമാർക്ക് തീറെഴുതി പ്രാഥമിക ചികിൽസാ സൗകര്യം പോലും ഇല്ലാത്ത ഏതാനും ആശുപത്രികളെ മാത്രം ഉൾപ്പെടുത്തി ജീവനക്കാർക്ക് മേൽ അന്യായമായ പ്രീമിയം അടിച്ചേൽപ്പിച്ച സർക്കാർ നടപടിയാണ് മെഡിസെപ്പ് പദ്ധതിയെ അവതാളത്തിലാക്കിയത്.
പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തി ന്യായമായ പ്രീമിയം വ്യവസ്ഥയിൽ ഒ.പി അടക്കമുള്ള ചികിത്സാ സൗകര്യങ്ങളോടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടർ പ്രാബല്യത്തിൽ വരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ജാഫർ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സാദിഖ്.എം അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ജന.സെക്രട്ടറി ഷാക്കിർ നങ്ങാരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഒ.എം.ഷഫീഖ്, ടി.എ.സലീം, അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട, സിയാദ്.പി, മുഹമ്മദലി.കെ.എൻ.പി, ശിഹാബ് ഒ.എം, അഷ്റഫ് കല്ലിങ്കാൽ, ഇഖ്ബാൽ. ടി. കെ, മുരളീധരൻ തച്ചങ്ങാട് പ്രസംഗിച്ചു.