കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി, വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളില്‍ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

സെപ്റ്റംബര്‍ 5ന് ആണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂര്‍ വാര്‍ഡ് (വാര്‍ഡ് 9) അടച്ചിരുന്നു. കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തില്‍ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫംല നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകള്‍ക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാംപിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തിയത്.

രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടേയത് ഇത്തവണത്തെ ആദ്യ കേസ് തന്നെയാണെന്നാണ് നിഗമനം. ഇനി അറിയേണ്ടത് കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചത്.

പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

Leave a Reply

Your email address will not be published. Required fields are marked *