ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Latest ഇന്ത്യ കേരളം പ്രാദേശികം

കൊച്ചി: വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ട്രാവല്‍ വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ കണ്ണൂര്‍ കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ തള്ളിയത്.

ടെമ്പോ ട്രാവലര്‍ കാരവനാക്കി രൂപം മാറ്റി യാത്രകള്‍ നടത്തിവരുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന് സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന് കാട്ടി ഹര്‍ജി തള്ളിയത്.

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ആറ് മാസത്തേക്കാണ് ഇവര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇരുവരും കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ അതിക്രമിച്ചുകടന്ന് അക്രമം കാണിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്ത്. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

എന്നാല്‍, പൊലീസിനെതിരെ ആരോപണവുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത കേസുണ്ടാക്കി അകത്തിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായാണ് ഇവര്‍ വെളിപ്പെടുത്തിയത്. എല്ലാ രീതിയിലും കഷ്ടപ്പെടുത്തുന്നുവെന്നും ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *