കുട്ടി ഡ്രൈവര്‍മാരെ കൈയോടെ പൊക്കാനൊരുങ്ങി കാസർകോട്ടെ മോട്ടോർ വാഹന വകുപ്പ്,മാതാപിതാക്കള്‍ക്കോ വാഹനയുടമയ്‌ക്കെതിരെയോ കേസെടുക്കും. മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: കുട്ടി ഡ്രൈവര്‍മാരുടെ അഭ്യാസ പ്രകടനങ്ങള്‍ കൈയോടെ പിടികൂടാന്‍ സ്‌പെഷ്യല്‍ ഡ്രൈവിനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വാഹനം ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായത്. പഠിക്കാന്‍ പോകുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ നിയമവിരുദ്ധമായി വാഹനം കൊണ്ടുപോകുന്നത് പതിവായി മാറുകയാണ്.
അടുത്തുള്ള വീടുകളിലും കടകള്‍ക്ക് സമീപവുമാണ് ഇവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഡ്രൈവിംഗ് പരിശീലിച്ചു. സ്‌കൂളുകള്‍ക്ക് സമീപമാണ് പരിശോധന കര്‍ശനമാക്കുന്നത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് കഴിഞ്ഞദിവസം രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. കുട്ടികള്‍ക്ക് ശാരീരിക ക്ഷമതയുണ്ടെങ്കിലും അപകടങ്ങള്‍ സംഭവിക്കുമ്ബോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ധാരണയില്ലെന്നാണ് പറയുന്നത്.
അപകടമുണ്ടാക്കിയാല്‍ ഭൂരിഭാഗം പേരും അമിതവേഗത്തില്‍ വാഹനമോടിച്ച്‌ പോകുകയാണ് പതിവെന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും സഹകരിക്കേണ്ടതുണ്ട്. കുട്ടികള്‍ വാഹനങ്ങളില്‍ സ്‌കൂളുകളില്‍ എത്തുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കടയുടമകളുടെ സഹായവും പൊലീസിന് തേടുന്നുണ്ട്.
3 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ
സി.സി ടി.വി കാമറകള്‍ പരിശോധിക്കും കുട്ടി ഡ്രൈവര്‍മാരെ പൊക്കും. നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗില്‍ പലരും പരാതികള്‍ പറയുന്നുണ്ടെന്നും പൊലീസ് പറയുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് പ്രകാരം പ്രായപൂര്‍ത്തിയാവാത്തവര്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ക്കോ വാഹനയുടമയ്‌ക്കെതിരെയോ കേസെടുക്കാം. മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *