മൊഗ്രാൽ: വർഷങ്ങളായി തകർന്ന് കിടക്കുന്ന മൊഗ്രാൽ ടൗണിൽ നിന്നും മീലാദ് നഗറിൽ നിന്നും മഴവെള്ളം ഒഴുകിപോകുന്ന ദേശീയപാതയ്ക്ക് കുറുകെയുള്ള കലുങ്ക് പുനഃസ്ഥാപിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് 18-ാം വാർഡ് മൊഗ്രാൽ ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. ടൗൺ ഷാഫി മസ്ജിദിന് സമീപം ദേശീയപാതക്ക് കുറുകെയുള്ള കലുങ്ക് തകർന്നത് മൂലം മഴവെള്ളം ഒഴുകിപോകാനാവാതെ ദേശീയപാതയിൽ തന്നെ തളം കെട്ടിനിൽക്കുന്നത് നിത്യകാഴ്ചയാണ്. ഇത് മൂലം ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നു. മാത്രമല്ല ദേശീയപാതയുടെ തകർച്ചയ്ക്കും ഇത് കാരണമാകുന്നു. കഴിഞ്ഞ കാലവർഷ കാലത്ത് ഇവിടെ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.നിലവിൽ കുഴികൾ വീണ്ടും രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ബസിടിച്ച് തകർന്ന പ്രസ്തുത കലുങ്കിന്റെ അവസ്ഥ നാട്ടുകാർ നിരവധി തവണ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ദേശീയപാത വികസനം നടക്കുമ്പോൾ ശാസ്ത്രീയമായ രീതിയിൽ കലുങ്കിനെ സംരക്ഷിക്കണമെന്നും മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥലം എം.എൽ.എ യ്ക്കും ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നിവേദനം നൽകാനും തീരുമാനിച്ചു.
പ്രസിഡന്റ് പി.എ ആസിഫ് അധ്യക്ഷത വഹിച്ചു, ഭാരവാഹികളായ അബ്ദുൽ ഖാദർ, മുഹമ്മദ്, യു എം അമീൻ, ബി എ മുഹമ്മദ് കുഞ്ഞി, സൈനുദ്ദീൻ, അബ്ദുല്ല ഗ്രീൻ പീസ്, എച്ച് എം കരീം തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ടി കെ ജാഫർ സ്വാഗതവും, ട്രഷറർ മുഹമ്മദ് എം എ നന്ദിയും പറഞ്ഞു.