മൊഗ്രാൽ:മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പ് മൊഗ്രാലിൽ അനുവദിച്ച “സ്കൂൾ ഓഫ് മാപ്പിള ആർട്സ്”ന് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ കമ്മിറ്റി വിഎച് എസ്എസ് കെട്ടിടത്തിൽ താൽക്കാലിക റൂം അനുവദിച്ചു.
ഇതോടെ മൊഗ്രാൽ മാപ്പിളകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സെക്രട്ടറിമാരായ റസാക്ക് പയബ്രോട്ട്, ഫൈസൽ എളേറ്റിൽ എന്നിവർ മൊഗ്രാലിൽ എത്തുകയും സാംസ്കാരിക പ്രവർത്തകരുമായി സംസാരിക്കുകയും ഒരു അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരുന്നു.
ഈ കമ്മിറ്റി പിടിഎ കമ്മിറ്റിക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് ക്ലാസ് റൂം അനുവദിച്ചു കിട്ടിയത്.
“സ്കൂൾ ഓഫ് മാപ്പിള ആർട്സ് എന്ന പേരിൽ” വിദ്യാർഥികൾക്കായി അടുത്തവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നാലുവർഷത്തെ കോഴ്സിന് തുടക്കമാവും.
ഇതിനായി വിദ്യാർഥികളെ കണ്ടെത്താനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ 2022 ജനവരി ആദ്യവാരത്തോടെ തുടങ്ങും.
ഇത് സംബന്ധിച്ച് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളുടെ യോഗം സ്കൂളിൽ വെച്ച് ചേർന്നു. ചെയർമാൻ ബഷീർ അഹ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, അംഗങ്ങളായ കെവി അഷ്റഫ്, താജുദ്ദീൻ, എംഎമൂസ, എംഎസ് അഷ്‌റഫ്, എം എസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു. കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.