സൂപ്പർഹിറ്റ് ചിത്രം ബജ്രംഗി ഭായ്ജാന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സൽമാൻ ഖാൻ.
കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയേന്ദ്ര പ്രസാദ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
ദർഗയിലേക്ക് വരുന്നതിനിടെ അതിർത്തിക്കിപ്പുറമായിപ്പോയ പാകിസ്ഥാൻകാരിയായ കുഞ്ഞു മുന്നിയെ അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കാൻ സൽമാൻഖാന്റെ പവൻ എന്ന കഥാപാത്രം നടത്തുന്ന ത്യാഗനിർഭരമായ യാത്രയായിരുന്നു സിനിമയുടെ പ്രമേയം.
ടെലിവിഷൻ റിപ്പോർട്ടറുടെ വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ മികച്ച അഭിനയവും ബജ്രംഗിയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കിയിരുന്നു.
2015 ലാണ് ബജ്രംഗി ഭായിജാൻ പുറത്തിറങ്ങിയത്. മുന്നിയായി ഹർഷാലി മൽഹോത്രയാണ് വേഷമിട്ടത്.
കലക്ഷൻ റെക്കോർഡുകൾ ഭേദിച്ചാണ് സൽമാൻ ചിത്രം അന്ന് നേട്ടം കൊയ്തത്.
രണ്ടാം ഭാഗത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.