‘സൊലില്ലാദ സറദാര’ എന്ന പേരിലാണ് മല്ലികാർജുൻ ഖാർഗെ കർണാടക രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. തോൽവി അറിയാത്ത നായകൻ എന്നാണ് ആ പ്രയോഗത്തിനർത്ഥം. ആ പ്രയോഗം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ഖാർഗെ.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും തോൽവി അറിയാത്ത കർണാടകയിലെ ആ ദലിത് നേതാവ് ഇനി രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയെ നയിക്കും.
രണ്ടര പതിറ്റാണ്ടിനുശേഷം കോൺഗ്രസിനെ നയിക്കാൻ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരു നേതാവെത്തുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ പുറത്തുനിന്നാണെങ്കിലും എല്ലാ അർത്ഥത്തിലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണ് ഖാർഗെ.
അതുകൊണ്ടു തന്നെ അധ്യക്ഷൻ മാറിയാലും സോണിയ-രാഹുൽ നേതൃതം തന്നെയായിരിക്കും പാർട്ടിയുടെ നിർണായക തീരുമാനങ്ങൾ ഇനിയും എടുക്കാൻ പോകുന്നതെന്നു വ്യക്തമാണ്.