ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; ഫാത്തിമ ഫഹ്‌നയുടെ ഭർത്താവ് കസ്റ്റഡിയിൽ

Latest

മലപ്പുറം: ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ. പെരിന്തൽമണ്ണ ഏലംകുളം വായനശാലയ്‌ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തു നിന്ന് കാണാതായ ഭർത്താവിനെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് ഫാത്തിമ ഫഹ്നയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്നു പുലർച്ചെ കാണാതായ ഇവരുടെ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ (35) മണ്ണാർക്കാടുള്ള സ്വന്തം വീട്ടിൽ നിന്നു പൊലീസ് പിടികൂടി.ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഫഹ്‌നയുടെ വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലും അവരെ കണ്ടെത്തിയത്.

പുലർച്ചെ നോമ്പിനുള്ള ഭക്ഷണം തയ്യാറാക്കാൻ എഴുന്നേറ്റ ഫഹ്‌നയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് ഫഹ്നയെ ഈ നിലയിൽ കണ്ടത്. തുടർന്ന് കുഞ്ഞലവിയെയും കുറച്ചകലെയുള്ള സഹോദരൻ ചിറത്തൊടി ഹുസൈനെയും അറിയിച്ചു.

ഇവർ പെരിന്തൽമണ്ണ പോലീസിൽ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചു.ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണജോലിക്കാരനായ ഭർത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം.

വെള്ളിയാഴ്ച രാത്രിയും ഇവിടെയുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ ഇവിടെ കണ്ടില്ല. പിന്നീട് മണ്ണാർക്കാട്ടെ വീട്ടിൽനിന്നാണ് പോലീസ് കണ്ടെത്തുന്നത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നാലുവയസ്സുള്ള മകളുണ്ട്. യുവതി ധരിച്ചിരുന്ന ആഭരണങ്ങളിൽ മാലയും വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു.

പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായയുടെ നേതൃത്വത്തിൽ മലപ്പുറം എ.എസ്.പി. ഷഹാൻഷാ, പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രണ്ടരയോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

മലപ്പുറത്ത് നിന്നുള്ള വിരലടയാളവിദഗ്ധ എൻ.വി. റുബീന, ഫോറൻസിക് ഓഫീസർ ഡോ. വി. മിനി എന്നിവരും മൃതദേഹം പരിശോധിച്ചു. വിശദമായ അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *