ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഹൈദരാബാദിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സംഭവിച്ച പിഴവുകള്‍ തുറന്നു പറഞ്ഞു കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകുമനോവിച്ച്.
ഷൂട്ടൗട്ടിനായി താരങ്ങളെ തെരഞ്ഞെടുത്തതിലും സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തിയതിലും പിഴവ് സംഭവിച്ചുവെന്ന കാര്യങ്ങളെക്കുറിച്ച് മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷൂട്ടൗട്ടില്‍ ടീമിന്റെ ആദ്യ കിക്കെടുക്കാന്‍ നായകന് അഡ്രിയാന്‍ ലൂണയ്ക്കു പകരം പ്രതിരോധ താരം മാര്‍ക്കോ ലെസ്കോവിച്ചിനെ നിയോഗിച്ചതിലാണ് വുകുമനോവിച്ച് ഏറെ വിമര്‍ശനം കേട്ടത്. എന്നാല്‍ പരിശീലനങ്ങളില്‍ ഏറ്റവും നന്നായി പെനാല്റ്റിയെടുക്കുന്നതിനാലാണ് ലെസ്കോവിച്ചിന് അവസരം നല്‍കിയതെന്നാണ് കോച്ച് പറയുന്നത്.
”ഞങ്ങള്‍ കുറച്ചു ദിവസങ്ങളായി പെനാല്‍റ്റി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. അതില്‍ ലെസ്കോവിച്ചാണ് മികച്ചു നിന്നത്. അദ്ദേഹത്തിനു മികച്ച ഷൂട്ടിങ് റെക്കോഡുണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തിന് ചുമതല നല്‍കിയത്. ചില സാഹചര്യങ്ങളില്‍ പിഴവുകള്‍ സംഭവിക്കും. ഞങ്ങളതില്‍ നിരാശരാണ്. പെനാല്‍റ്റിയെടുക്കാന്‍ കുറേയേറെ താരങ്ങള്‍ തയാറായി മുന്നോട്ടുവന്നതില്‍ അഭിമാനമുണ്ട്. ഞങ്ങള്‍ക്ക് മുമ്പോട്ടു പോയേ തീരു. ഈ സീസണില്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്ന് ഞങ്ങള്‍ ഏറെ നേടി. അതില്‍ സന്തോഷിക്കുന്നു” – വുകുമനോവിച്ച് പറഞ്ഞു.
മത്സരത്തില്‍ ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നും ഉയര്‍ന്ന ഹ്യുമിഡിറ്റിയുള്ള പ്രതികൂല സാഹചര്യത്തില്‍പ്പോലും മികച്ച കളി കെട്ടഴിക്കാന്‍ ടീമിനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമിനു പിന്തുണയുമായി ഗോവയിലെ ഗ്യാലറിയിലേക്ക് ഇരച്ചെത്തിയ ആരാധകര്‍ക്ക് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”കരിയറില്‍ ജയവും തോല്‍വിയും ഉണ്ടാകും. മികച്ച കളിയാണ് ടീം ഇന്നലെ പുറത്തെടുത്തത്. ഹ്യുമിഡിറ്റി കൂടിയ സാഹചര്യത്തിലായിരുന്നുവെന്നും ഓര്‍ക്കണം. കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ മുന്നോട്ടുപോകും. ടീമിന് കൂടുതല്‍ ഫൈനലുകള്‍ കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വാസിക്കുന്നു. ആരാധകര്‍ നല്കിയ പിന്തുണയ്ക്ക് നിറഞ്ഞ സ്നേഹവും നന്ദിയുമുണ്ട്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.