മുള്ളേരിയ : ടൗണിലെ അനധികൃത മീൻ വിൽപന തടയാനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്ത 3 പേർ അറസ്റ്റിൽ.
കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ(26), നായന്മാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ്(19), അബ്ദുൽ ഷമ്മാസ്(23) എന്നിവരെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.
ഇന്നലെ വൈകിട്ട് 4നു പഞ്ചായത്ത് ഓഫിസിനു മുൻപിലാണു സംഭവം.
രാവിലെ മുതൽ റോഡരികിൽ മീൻവിൽപന നടത്തുകയായിരുന്നു ഇവർ.
മലിനവെള്ളം റോഡിലേക്ക് ഒഴുകി യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയെ തുടർന്ന് എസ്ഐ ഇ.രത്നാകരനും സംഘവും സ്ഥലത്തെത്തി വിൽപന നിർത്താൻ ആവശ്യപ്പെട്ടു.
എസ്ഐ ഉൾപ്പെടെ 3 പൊലീസുകാരാണ് ഉണ്ടായിരുന്നത്.
ഇതോടെ പ്രതികൾ പൊലീസിനു നേരെ തിരിയുകയും കയർക്കുകയുമായിരുന്നു.
പൊലീസ് ബലമായി മീൻ എടുത്തു മാറ്റാൻ തുടങ്ങിയതോടെ എസ്ഐയുടെ ഷർട്ടിൽ പിടിച്ചു തള്ളുകയും ചെയ്തു.
പൊലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്തു.
ബാക്കിയായ മീൻ പഞ്ചായത്ത് അധികൃതർ കുഴിച്ചുമൂടി.