ബെംഗളൂരു ∙ കർണാടകയിലെ ഹൂബ്ലിയിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടി. തിങ്കളാഴ്ച രാത്രിയാണു സംഭവം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരിൽനിന്നു പുറപ്പെട്ട 6ഇ 7979 ഇൻഡിഗോ വിമാനത്തിന്റെ ടയറാണു പൊട്ടിയത്. പുലർച്ചെ രണ്ടരയോടെ റൺവേ ക്ലിയർ ചെയ്തെന്നും വിമാനത്താവളം പതിവുപോലെ പ്രവർത്തിക്കുന്നതായും ഡയറക്ടർ പ്രമോദ് കുമാർ ഠാക്കൂർ പറഞ്ഞു.
വിമാനത്തിന് അപകടമുണ്ടായതായി ഇൻഡിഗോ കമ്പനി സ്ഥിരീകരിച്ചു. ഏഴു യാത്രക്കാരും നാലു ജീവനക്കാരുമായി തിങ്കളാഴ്ച രാത്രി 8.35 ഓടെ വിമാനം സുരക്ഷിതമായാണ് ഇറങ്ങിയത്. എല്ലാവരും സുരക്ഷിതരാണ്. ടയർ പൊട്ടിയ വിമാനം ഹുബ്ലിയിൽ പരിശോധിക്കുകയാണെന്നും ഇൻഡിഗോ വക്താവ് വ്യക്തമാക്കി.
ലാൻഡിങ് സമയത്ത് കാറ്റും മഴയും ഉണ്ടായിരുന്നതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി എട്ടിന് ലാൻഡ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. 8.03ന് പൈലറ്റ് ലാൻഡിങ്ങിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ 8.34 നാണ് ഇറങ്ങാനായത്. ഈ സമയത്തു ടയർ പൊട്ടിയതായി സംശയിക്കുന്നെന്നു വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് അറിയിച്ചു– എഎഐ ഉദ്യോഗസ്ഥൻ പറഞ്ഞു.